Nagarjuna-Isha Kopikar: ‘നാഗാർജുന 14 തവണ എന്റെ കരണത്ത് അടിച്ചു, അവസാനം മുഖത്ത് പാടുകള്‍ വീണു’; ഇഷ കോപികര്‍
Isha Koppikar Reveals Nagarjuna Slapped Her: ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാഗാർജുന പതിനാല് തവണ തന്റെ കരണത്തടിച്ചുവെന്നും, അടികൊണ്ട് മുഖത്ത് പാട് വീണുവെന്നും ഇഷ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇഷ മനസുതുറന്നത്.

നാഗാർജുന, ഇഷ കോപികർ
തെന്നിന്ത്യൻ സൂപ്പർ താരം നാഗാർജുനയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടി ഇഷ കോപികർ. 1998ൽ റിലീസായ ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നാഗാർജുന പതിനാല് തവണ തന്റെ കരണത്തടിച്ചുവെന്നും, അടികൊണ്ട് മുഖത്ത് പാട് വീണുവെന്നും ഇഷ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇഷ മനസുതുറന്നത്.
ഇഷ കരിയറിന്റെ തുടക്കകാലത്ത് അഭിനയിച്ച ചിത്രമാണ് ‘ചന്ദ്രലേഖ’. ആ സമയത്ത് താരം തെന്നിന്ത്യൻ സിനിമകളിൽ സജീവമായിരുന്നു. സിനിമയോട് വളരെ പ്രതിബദ്ധതയുള്ളൊരു നടിയാണ് താനെന്ന് ഇഷ പറയുന്നു. ‘ചന്ദ്രലേഖ’ സിനിമയിൽ കരണത്തടിക്കുന്നൊരു രംഗമുണ്ട്. നാഗാർജുന അടിക്കുമ്പോൾ തനിക്ക് അടികൊണ്ടതായി തോന്നുന്നതേ ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തോട് താൻ ശക്തമായി അടിക്കാൻ ആവശ്യപ്പെടുന്നതും തന്റെ സമ്മതോടെ അദ്ദേഹം കരണത്തടിക്കുന്നതുമെന്ന് ഇഷ പറയുന്നു.
”കരണത്തടിച്ചപ്പോൾ എനിക്ക് ഒരു വികാരവും തോന്നുന്നുണ്ടായിരുന്നില്ല. അദ്ദേഹം അടിച്ചെങ്കിലും സ്‌നേഹത്തോടെയായിരുന്നു അടിച്ചത്. പക്ഷെ സംവിധായകൻ ഇഷ നിന്റെ കരണത്ത് അടിക്കുകയാണെന്ന് പറഞ്ഞു. എന്റെയൊരു പ്രധാന പ്രശ്‌നം, ഞാൻ ജീവിതത്തിൽ ദേഷ്യപ്പെട്ടാലും ക്യാമറയ്ക്ക് മുന്നിൽ എനിക്കത് കഴിയില്ല. എന്താണ് പ്രശ്‌നമെന്ന് അറിയില്ല.
ആ ദേഷ്യം വരുത്താൻ വേണ്ടി എനിക്ക് 14 തവണ കരണത്ത് അടി വാങ്ങേണ്ടി വന്നു. അവസാനം അക്ഷരാർത്ഥത്തിൽ മുഖത്ത് പാട് വന്നു. ആ പാവം എന്നോട് കുറേ സോറി പറഞ്ഞു കൊണ്ടിരുന്നു. വിഷമിക്കേണ്ടതില്ല, ഇത് ഞാൻ ചോദിച്ച് വാങ്ങിയതല്ലേയെന്ന് ഞാൻ പറഞ്ഞു” എന്നും ഇഷ പറയുന്നു.
1997ൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ, ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘ചന്ദ്രലേഖ’. ഇതിന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തത് കൃഷ്ണ വംശിയാണ്. തെലുങ്കിലും ചിത്രത്തിന്റെ പേര് ‘ചന്ദ്രലേഖ’ എന്ന് തന്നെയാണ്. 1998ൽ റിലീസായ ചിത്രത്തിൽ രമ്യ കൃഷ്ണനും നാഗാർജുനയുമായിരുന്നു ഇഷയുമായിരുന്നു വേഷമിട്ടത്. ചിത്രം ബോക്‌സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു.