Janaki Vs State of Kerala Row: ‘വി ജാനകി ആക്കാം’: ജെഎസ്കെ വിവാദത്തിൽ പേര് മാറ്റാമെന്ന് നിർമാതാക്കൾ
ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോഴാണ് നിർമാതാക്കൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ഇക്കാര്യം അറിയിച്ചത്.
കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രം ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡിന്റെ നിലപാടിൽ പ്രതികരിച്ച് നിർമാതാക്കൾ. പേര് മാറ്റാൻ തയ്യാറാണ് എന്ന് നിർമാതാക്കൾ അറിയിച്ചു. ജാനകി എന്നത് ജാനകി വി എന്ന് മാറ്റമെന്നാണ് നിർമാതാക്കൾ കോടതിയെ അറിയിച്ചത്.
ഹൈക്കോടതിയിൽ കേസ് പരിഗണിച്ചപ്പോഴാണ് നിർമാതാക്കൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ഇക്കാര്യം അറിയിച്ചത്. ഇതോടെ ചിത്രത്തിന്റെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന് മാറും. കോടതി രംഗങ്ങളിൽ ജാനകി എന്നത് മ്യൂട്ട് ചെയ്യാമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ ചിത്രത്തിന് അനുമതി നൽകുമെന്ന് സെൻസർ ബോർഡ് അറിയിച്ചു. കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് മാറ്റി.
Also Read:കട്ട് വേണ്ട, മ്യൂട്ട് വേണം! സെന്‍സര്‍ ബോര്‍ഡ് അടങ്ങി? ജാനകിക്ക് ‘ഇനിഷ്യല്‍’ മതി
ഇന്ന് രാവിലെയും പിന്നീട് ഉച്ച കഴിഞ്ഞ് രണ്ട് മണിക്കും കോടതി കേസ് പരിഗണിച്ചിരുന്നു. എന്നാൽ വിവാദം അവസാനിച്ചിരുന്നില്ല. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേർത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി. വി’ എന്നോ ആക്കാനും ചിത്രത്തിൽ കോടതിയിൽ നടക്കുന്ന ക്രോസ് വിസ്താര രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യാനും സെൻസർ ബോർഡ് രാവിലെ അറിയിച്ചിരുന്നു. ഈ മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡ് അറിയിച്ചിരുന്നു. എന്നാൽ ഇത് ബുദ്ധിമുട്ടാണെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. മ്യൂട്ട് ചെയ്യാമെന്നും പേരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിർമാതാക്കൾ അറിയിച്ചിരുന്നു. എന്നാൽ സെൻസർ ബോർഡ് തീരുമാനത്തിൽ ഉറച്ചു നിന്നതോടെ കേസ് വീണ്ടും പരിഗണിച്ചപ്പോൾ പേരു മാറ്റാമെന്ന് നിർമാതാക്കൾ അറിയിച്ചത്.
ആദ്യം 96 മാറ്റങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരുന്നത്. എന്നാൽ ഇത് പിന്നീട് രണ്ട് മാറ്റങ്ങൾ വരുത്തിയാൽ മതിയെന്നും അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് നിർമാതാക്കൾ ഇക്കാര്യം അറിയിച്ചത്.