Jayan Cherthala: ‘മകൾ കോടികൾ വാങ്ങിച്ചാണല്ലോ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപയെങ്കിലും കുറച്ചോ?’: സുരേഷ് കുമാറിനെതിരെ ജയൻ ചേർത്തല
Jayan Cherthala on Keerthy Suresh Remuneration: മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ഏത് ഭാഷയിൽ ആണെങ്കിലും സിനിമ കമേഷ്യലി ഹിറ്റാകാൻ വേണ്ടിയാണ് താരങ്ങളെ അഭിനയിപ്പിക്കുന്നത്. സൂപ്പർ സ്റ്റാറുകളും സൂപ്പർ ഹിറ്റുകളും ഉണ്ടാകുന്നത് താരങ്ങൾ ഉള്ളത് കൊണ്ടല്ലേ എന്നും ജയൻ ചേർത്തല ചോദിച്ചു.
താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ജി സുരേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ജയൻ ചേർത്തല. ഒരു സിനിമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നത് താരങ്ങളാണ് എന്ന് പറയുന്നത് തെറ്റായ കാര്യമാണെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മാടമ്പിത്തരം കാണിക്കുകയാണെന്നും ജയൻ ചേർത്തല പറഞ്ഞു. സുരേഷ് കുമാറിന്റെ മകൾ (കീർത്തി സുരേഷ്) കോടികൾ വാങ്ങിച്ചാണല്ലോ സിനിമയിൽ അഭിനയിക്കുന്നത്. ഇന്നുവരെ അവർ ഒരു രൂപ കുറച്ച് സിനിമ ചെയ്തതായിട്ട് നമ്മുടെ അറിവിൽ ഇല്ലല്ലോ എന്നും ജയൻ ചേർത്തല ചോദിച്ചു.
നിർമാതാക്കളുടെ സംഘടന കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി സിനിമ നഷ്ടത്തിലാണെന്നും ജൂൺ ഒന്നാം തീയതി മുതൽ സമരത്തിലോട്ട് പോവുകയാണെന്നും പറഞ്ഞ് അവർ മുന്നോട്ട് വെച്ച കാരണങ്ങളാണ് മനസിലാകാത്തതെന്ന് ജയൻ ചേർത്തല പറയുന്നു. അവർ പറഞ്ഞിരിക്കുന്നത് താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കണമെന്നും താരങ്ങളാണ് സിനിമയ്ക്ക് നഷ്ടം ഉണ്ടാക്കുന്നതെന്നുമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ഏത് ഭാഷയിൽ ആണെങ്കിലും സിനിമ കമേഷ്യലി ഹിറ്റാകാൻ വേണ്ടിയാണ് താരങ്ങളെ അഭിനയിപ്പിക്കുന്നത്. സൂപ്പർ സ്റ്റാറുകളും സൂപ്പർ ഹിറ്റുകളും ഉണ്ടാകുന്നത് താരങ്ങൾ ഉള്ളത് കൊണ്ടല്ലേ എന്നും ജയൻ ചേർത്തല ചോദിച്ചു.
സുരേഷ് കുമാറിന്റെ നിർമാണ കമ്പനിയുടെ പേര് രേവതി കലാമന്ദിർ എന്നാണെന്നും നിർമാതാവിന്റെ പേരായി വെക്കുന്നത് മേനക സുരേഷിന്റെ പേരാണെന്നും അദ്ദേഹം പറയുന്നു. മേനക ചേച്ചി അമ്മയുടെ മെമ്പറും കൂടിയായതിനാൽ അവരെ കുറ്റപ്പെടുത്താനും പോകുന്നില്ല. അത് കൂടി ആലോചിച്ചിട്ട് വേണമായിരുന്നു അദ്ദേഹം സംസാരിക്കാൻ. അദ്ദേഹത്തിന്റെ മകളും നടിയല്ലേ? അവർ കോടികൾ വാങ്ങിച്ചല്ലേ അഭിനയിക്കുന്നത്? ഇന്നുവരെ ഒരു രൂപ പോലും കുറച്ച് അവർ സിനിമ ചെയ്തതായി നമ്മുടെ അറിവിൽ ഇല്ലാലോ? എന്നും ജയൻ ചേർത്തല കൂട്ടിച്ചേർത്തു.
”അമ്മ’യ്ക്കെതിരായ ആരോപണങ്ങളിൽ ഇതുവരെ പ്രതികരിക്കാതിരിക്കുന്നത് അതൊരു കൂട്ടായ്മ ആയതുകൊണ്ടാണ്. അതിനകത്ത് ഒരാളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് തോന്നിയതുകൊണ്ടാണ്. എന്നാൽ ഇതിപ്പോൾ അതിരുകടന്നു. നാഥനില്ലാ കളരിയാണ് ‘അമ്മ’ എന്നാണ് സുരേഷ് കുമാർ പറഞ്ഞിരിക്കുന്നത്. അത് പറയാൻ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു? മുമ്പൊരിക്കൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കടത്തിലാണെന്ന് പറഞ്ഞപ്പോൾ അവർക്ക് ഒരു കോടി രൂപ കൊടുത്ത് സഹായിച്ചത് ‘അമ്മ’ സംഘടനയാണ്. അതിൽ നിന്ന് 60 ലക്ഷം രൂപ മാത്രമാണ് അവർ തിരികെ തന്നത്. ഇപ്പോഴും ബാക്കി 40 ലക്ഷം കടത്തിലാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി.