Jayasurya – Balachandra Menon: പീഡനക്കേസ്: ജയസൂര്യയ്ക്കും ബാലചന്ദ്ര മേനോനുമെതിരെ തെളിവില്ല; സാക്ഷികളും പരാതികരിക്ക് എതിരെന്ന് പോലീസ്
Jayasurya and Balachandra Menon Harassment Case: ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള ലൈംഗികാതിക്രമ കേസിൽ തെളിവില്ലെന്ന് പോലീസ് അറിയിച്ചു. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖർക്കെതിരെ എടുത്ത കേസുകൾ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിൽ പ്രത്യേക അന്വേഷണ സംഘം. നടന്മാരായ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരെയുള്ള ലൈംഗികാതിക്രമ കേസിൽ തെളിവില്ലെന്ന് പോലീസ് അറിയിച്ചു. സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെ, ഇരുവരെയും കുറ്റവിമുക്തരാക്കണോ എന്നത് സംബന്ധിച്ച് അന്വേഷണ സംഘം ഉടൻ തീരുമാനമെടുക്കും.
18 വർഷങ്ങൾക്ക് മുൻപ്, 2008ൽ “ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തി എന്നതാണ് ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനും എതിരായ കേസ്. മുകേഷ്, മണിയൻപിള്ള രാജു ഉൾപ്പടെ ഏഴ് പേർക്കെതിരെ ആണ് പരാതിക്കാരി പരാതി നൽകിയിരുന്നത്. സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വെച്ച് ജയസൂര്യ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ സർക്കാർ രേഖ പ്രകാരം പരാതിയിൽ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് കോംപൗണ്ടിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫീസിലോ മുറികളിലോ കയറാൻ അനുവാദം നൽകിയിട്ടില്ല.
പീഡനം നടന്നതായി പറയുന്ന ശുചിമുറി പൊളിച്ച് അവിടെ വനംമന്ത്രിയുടെ ഓഫീസ് പണിതതിനാൽ പരാതിക്കാരിക്ക് പോലും കൃത്യമായി സ്ഥലം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ദൃക്സാക്ഷി ഇല്ലെന്ന് മാത്രമല്ല സാഹചര്യം തെളിയിക്കുന്ന സാക്ഷി മൊഴിയും ഇല്ല. പരാതിക്കാരി നൽകിയ രഹസ്യ മൊഴിയും, ജയസൂര്യയും പരാതിക്കാരിയും ആ സിനിമയിൽ ഒന്നിച്ച് അഭിനയിച്ചു എന്നതും മാത്രമാണ് അനുകൂല തെളിവുകളായി ഉള്ളതെന്നാണ് പോലീസ് റിപ്പോർട്ട്.
ALSO READ: ‘എന്റെ പുറകെ നടന്ന് നടന്ന് അപ്പൻ പോയെടോ’; പിതാവിന്റെ മരണശേഷം ഷൈൻ പറഞ്ഞതായി റോണി ഡേവിഡ്
അതേസമയം, പരാതിയിൽ പരാമർശിച്ചിട്ടുള്ള ഹോട്ടലിൽ ബാലചന്ദ്രമേനോൻ താമസിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പരാതിക്കാരി അവിടെ വന്നതിന് തെളിവില്ല. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമായതിനാൽ സിസിടിവി ദൃശ്യം, മൊബൈൽ ടവർ ലൊക്കേഷൻ പോലുള്ള തെളിവുകളും ലഭ്യമല്ല. ലൈംഗികാതിക്രമത്തിന് സാക്ഷിയായി പരാതിക്കാരി പറഞ്ഞ ജൂനിയർ ആർട്ടിസ്റ്റ് താനൊന്നും കണ്ടില്ലെന്ന് മൊഴി മാറ്റിയതും തിരിച്ചടിയായി. കേസിൽ എഡിജിപിയുടെ അഭിപ്രായം തേടിയ ശേഷം ഇരുവരെയും കുറ്റവിമുക്തരാക്കണോ, ഉള്ള തെളിവുകൾ വെച്ച് കുറ്റപത്രം സമർപ്പിക്കണോയെന്ന് പോലീസ് തീരുമാനിക്കും.