Johny Antony: ‘ദ്വയാർത്ഥ പ്രയോഗങ്ങൾ സിനിമയിൽ ഒഴിവാക്കണം, കുട്ടികളുടെ സംശയം തീർക്കാൻ കഴിയാതെ വരും’; ജോണി ആന്റണി
Johny Antony on Double Meaning Dialogues: സിനിമയിലെയും ചാനൽ പരിപാടികളിലെയും ദ്വയാർത്ഥ പ്രയോഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംവിധായകനും നടനുമാണ് ജോണി ആന്റണി. ‘സിഐഡി മൂസ’, ‘കൊച്ചി രാജാവ്’, ‘തുറുപ്പു ഗുലാൻ’ തുടങ്ങിയ ജനപ്രിയ സിനിമകൾ നിർമിച്ച അദ്ദേഹം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, സിനിമയിലെയും ചാനൽ പരിപാടികളിലെയും ദ്വയാർത്ഥ പ്രയോഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ജോണി ആന്റണി. മാധ്യമം ആഴ്ചപതിപ്പിനോടായിരുന്നു പ്രതികരണം.
ദ്വയാർത്ഥ പ്രയോഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണം എന്നാണ് ജോണി ആന്റണി പറയുന്നത്. കുടുംബവുമായി സിനിമ കാണുന്ന സമയത്ത് ഇത്തരം പ്രയോഗങ്ങൾ കാണേണ്ടിയും കേൾക്കേണ്ടിയും വരുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന മനഃപ്രയാസത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കാവുന്നതേ ഉള്ളൂവെന്നും അദ്ദേഹം പറയുന്നു. ഇതൊന്നും മനസിലാകാത്ത കുട്ടികളുടെ ചോദ്യത്തിന് രക്ഷിതാക്കളായിരിക്കും മറുപടി പറയേണ്ടി വരുകയെന്നും ജോണി ആന്റണി കൂട്ടിച്ചേർത്തു.
“ദ്വയാർഥ പ്രയോഗങ്ങൾ പരമാവധി സിനിമയിൽ നിന്ന് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. കുടുംബവുമായി ഒരു സിനിമ കാണാനിരിക്കുന്ന സമയത്ത്, അതിൽ വളിച്ചതോ മോശപ്പെട്ടതോ ആയ പ്രയോഗങ്ങൾ കാണേണ്ടിയും കേൾക്കേണ്ടിയും വരുമ്പോൾ നമ്മളിൽ ഉണ്ടാകാവുന്ന മനഃപ്രയാസത്തെ കുറിച്ച് ഒന്ന് ചിന്തിക്കാവുന്നതേയുള്ളൂ. അത്തരം, കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ കുട്ടികൾ ഒന്നും മനസിലാകാതെ, അവർ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്ന് ചിന്തിക്കുന്നുണ്ടാകും. അവരുടെ സംശയം തീർത്തുകൊടുക്കാൻ മാതാപിതാക്കൾക്ക് പോലും കഴിഞ്ഞെന്ന് വരില്ല. അതുപോലെ തന്നെ മാശയുടെ രൂപം ഇതാണെന്ന് കുട്ടികൾ മനസിരുത്തി ചിന്തിക്കുകയും ചെയ്യും.
അത്തരം വളിപ്പ് തമാശകൾ ആ സിനിമയിൽ നിന്ന് പ്രേക്ഷകനെ അകറ്റിനിർത്തുകയെ ചെയ്യൂ. അവിടെ തമാശ സാധ്യമാകണമെന്നില്ല. അത്തരം പ്രയോഗങ്ങൾ ഒഴിവാക്കുക തന്നെയാണ് സിനിമക്കും ചാനൽ ഷോകൾക്കും എന്നും നല്ലത്. സിനിമയിലായാലും റീൽസിലായാലും സോഷ്യൽ മീഡിയയിലായാലും സത്യൻ അന്തിക്കാട്, പ്രിയദർശൻ, ശ്രീനിവാസൻ, സിദ്ദീഖ് ലാൽ, റാഫി മെക്കാർട്ടിൻ, അശോകൻ-താഹ തുടങ്ങിയവരെല്ലാം ഉണ്ടാക്കിവെച്ചതിന് അപ്പുറത്തേക്കുള്ള തമാശകൾ ഒരു പരിധിവരെ ഉണ്ടായിട്ടില്ല. അവർ ഉണ്ടാക്കിവെച്ചതിന് മുകളിൽ നിൽക്കുന്ന ഒരു കോമഡി സിനിമയും ഇന്ന് ഉണ്ടായിട്ടില്ല” എന്നും ജോണി ആന്റണി പറഞ്ഞു.