Kangana Ranaut: കങ്കണ ബംഗ്ലാവ് വിറ്റത് കാർ വാങ്ങാനോ? മൂന്നുകോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി താരം
അടുത്തിടെയാണ് കങ്കണ പാലി ഹില്‍സിലെ തന്റെ ബംഗ്ലാവ് വിറ്റത്. 2017-ൽ 20.7 കോടി രൂപയ്ക്കാണ് കങ്കണ ബംഗ്ലാവ് സ്വന്തമാക്കിയത്.
മുംബൈ: കഴിഞ്ഞ മാസമായിരുന്നു ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലെ പാലിഹില്ലിലെ ബംഗ്ലാവ് വിറ്റത്. ഇതിനു പിന്നാലെയിതാ കോടികൾ വിലമതിക്കുന്ന ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രാഫി LWB (ലോങ് വീല്‍ബേസ്) മോഡലാണ് കങ്കണയുടെ ഗ്യാരേജില്‍ പുതിയതായി ഇടംപിടിച്ചത്. മുംബൈ വര്‍ളിയിലെ ലാന്‍ഡ് റോവര്‍ ഡീലറായ മോദി മോട്ടോഴ്‌സാണ് കാർ ഡെലിവറി ചെയ്ത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അടുത്തിടെയാണ് കങ്കണ പാലി ഹില്‍സിലെ തന്റെ ബംഗ്ലാവ് വിറ്റത്. 2017-ൽ 20.7 കോടി രൂപയ്ക്കാണ് കങ്കണ ബംഗ്ലാവ് സ്വന്തമാക്കിയത്. താരത്തിന്റെ ചലച്ചിത്ര നിർമാണ സ്ഥാപനമായ മണികർകണിക ഫിലിംസിന്റെ ഓഫീസായി ഈ ബംഗ്ലാവ് ഉപയോഗിച്ചുവരികയായിരുന്നു. പിന്നാലെയായിരുന്നു 32 കോടി രൂപയ്ക്ക് ബംഗ്ലാവ് വിറ്റത്. കങ്കണ 2022 ഡിസംബറിൽ ഈ വസ്തു കാണിച്ച് ഐസിഐസിഐ ബാങ്കിൽ നിന്നും 27 കോടി രൂപ ലോൺ എടുത്തിരുന്നു. പാലിഹില്ലിലെ ബംഗ്ലാവ് വിൽപ്പനക്കുണ്ടെന്ന് കാണിച്ച് കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് ചാനലും ഒരു പ്രൊഡക്ഷൻ ഹൗസും പരസ്യം നൽകിയിരുന്നു. കങ്കണയുടേതാണെന്ന് പരാമർശിച്ചില്ലെങ്കിലും വീഡിയോ കണ്ടപ്പോൾ താരത്തിന്റേതാണെന്ന് സൂചന ലഭിച്ചു. ഓഫീസ് വാങ്ങിയതാരെന്ന വിവരം ലഭ്യമല്ല. ഇതിനു പിന്നാലെ പല തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്നാണ് മൂന്ന് കോടിയിലേറെ വില വരുന്ന കാര്‍ നടി സ്വന്തമാക്കിയിരിക്കുന്നത്.
അതേസമയം കങ്കണ പ്രധാനവേഷത്തിൽ എത്തുന്ന എമര്‍ജന്‍സി’ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തുടരുകയാണ്. സിനിമയിൽ സിബിഎഫ്സി നിര്‍ദേശിച്ച ഭാഗങ്ങള്‍ ഒഴിവാക്കാമെന്ന് നടിയും നിര്‍മ്മാതാവുമായ കങ്കണ റണാവത്ത് സമ്മതിച്ചതായി സെന്‍സര്‍ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. സിനിമയുടെ സഹനിര്‍മ്മാതാക്കളായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സെന്‍സര്‍ ബോര്‍ഡ് ബോംബെ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്.
സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് നിര്‍ദേശം നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ ആറിനായിരുന്നു ചിത്രം റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചത്. എന്നാൽ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. സിനിമയില്‍ 13 ഓളം കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 1975ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കങ്കണ റണാവത്ത് തന്നെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.