Kangana Ranaut: ‘ഇന്ത്യയ്ക്ക് രാഷ്ട്രപിതാവില്ല’; വിവാദപരാമർശവുമായി കങ്കണ, പിന്നാലെ ബിജെപി നേതാവിന്റെ മറുപടിയും
Kangana Ranaut Sparks Controversy: രാഷ്ട്രീയത്തിൽ പ്രവേശിച്ച് കുറച്ച് കാലത്തിനുള്ളിൽ തന്നെ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ് കങ്കണയെന്ന് മനോരഞ്ജൻ കാലിയ.
ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് ഗാന്ധിജയന്തി ദിനത്തിൽ പങ്കുവെച്ച പോസ്റ്റിൽ വിവാദം കനക്കുന്നു. രാജ്യത്തിന് രാഷ്ട്രപിതാവില്ലെന്നും ഭാരതമാതാവിന് പുത്രന്മാരേയുള്ളുവെന്നും നടി സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. ഇതാണ് പുതിയ വിവാദത്തിലേക്ക് വഴിവെച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളടക്കം വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തി.
മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷികവും ഒക്ടോബർ 2-ന് തന്നെയാണ്. അന്ന് ആശംസ നേർന്നുകൊണ്ട് കങ്കണ പങ്കുവെച്ച പോസ്റ്റിൽ, ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം ‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗ്രഹീതരാണ്’ എന്ന് കുറിച്ചിരുന്നു. അതോടൊപ്പം, ഗാന്ധിജിയുടെ ശുചിത്വ ഭാരതം എന്ന ആശയം മുന്നോട്ട് കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറയുകയുണ്ടായി.
ഇതിനു പിന്നാലെ, ബിജെപി നേതാക്കളടക്കം കങ്കണയ്ക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിൽ പ്രവേശിച്ച് കുറച്ച് കാലത്തിനുള്ളിൽ തന്നെ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ് കങ്കണയെന്ന് പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയ പറഞ്ഞു. ഗാന്ധിജിയെക്കുറിച്ചുള്ള കങ്കണയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നതായും, രാഷ്ട്രീയം അവർക്ക് പറ്റിയ മേഖലയല്ല, ഇത് കുറച്ചുകൂടി ഗൗരവമുള്ള കാര്യമാണെന്നും മനോരഞ്ജൻ വ്യക്തമാക്കി. കങ്കണയുടെ അനാവശ്യമായ വിവാദങ്ങൾ പാർട്ടിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കങ്കണയുടെ വിവാദ പരാമർശത്തിൽ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത്തും നേരത്തെ പ്രതികരിച്ചിരുന്നു. “ഗോഡ്‌സെയുടെ സ്തുതിപാടകരാണ് ഗാന്ധിജിക്കും ശാസ്ത്രിജിക്കും ഇടയിലുള്ള അന്തരത്തെ കുറിച്ച് സംസാരിക്കുന്നത്. ഇത് നരേന്ദ്രമോദി സഹിക്കുമോ? ഇന്ത്യക്കൊരു രാഷ്ട്രപിതാവുണ്ട്. രാജ്യത്തിൻറെ പുത്രന്മാരും രക്തസാക്ഷികളുമുണ്ട്. അവരെല്ലാവരും ബഹുമാനം അർഹിക്കുന്നുമുണ്ട്.” സുപ്രിയ പറഞ്ഞു.