Nivya Vineesh: ആള് മാറി പോകുന്ന മേക്കപ്പ്, എഐ അല്ല; നിവ്യക്കിതൊക്കെ സിമ്പിളാണ്
Nivya Vineesh Makeup Transformation Artist : നയൻതാര, മമ്മൂട്ടി, സുഹാസിനി, ഷാരൂഖ് ഖാൻ, , റിമി ടോമി, ഐശ്വര്യ റായ് തുടങ്ങിയവരെല്ലാം നിവ്യയുടെ മുഖത്ത് സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇതിന്റെയെല്ലാം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്.
മുഖത്ത് ഇത്രയും മേക്കപ്പ് ലുക്ക് കൊണ്ടുവരാൻ പറ്റുമോ സക്കീർ ഭായിക്ക്..? എന്നാൽ തൃശൂർകാരിയായ നിവ്യക്ക് പറ്റും. മേക്കപ്പ് ട്രാൻസ്ഫർമേഷൻ വഴി നിരവധി പേരെയാണ് നിവ്യ മുഖത്ത് കൊണ്ടുവന്നിട്ടുള്ളത്. ഇതിൽ ചിലത് ചിലർക്ക് പുതുജന്മം കൂടിയായിരുന്നു. യുകെ മലയാളിയായ നിവ്യ വിനീഷ് മേക്കപ്പ് ട്രാൻസ്ഫർമേഷൻ എന്ന കലയിലൂടെ സെലിബ്രിറ്റിയായി മാറിയ ആളാണ്. എങ്ങനെയാണ് ഒരാൾക്ക് ഇങ്ങനെയും മാറാൻ കഴിയുമെന്ന ചോദ്യമാണ് നിവ്യയുടെ ഓരോ വീഡിയോക്ക് താഴെയും ആളുകൾ ചോദിക്കുന്നത്. നയൻതാര, മമ്മൂട്ടി, സുഹാസിനി, ഷാരൂഖ് ഖാൻ, , റിമി ടോമി, ഐശ്വര്യ റായ് തുടങ്ങിയവരെല്ലാം നിവ്യയുടെ മുഖത്ത് സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇതിന്റെയെല്ലാം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മേക്കപ്പ് ട്രാൻസ്ഫർമേഷൻ വീഡിയോ ആയിരുന്നു.
പ്രചോദനമായത് കണ്ണൻ രാജമാണിക്യത്തിന്റെ വീഡിയോ
ലോക്ഡൗണിന്റെ സമയത്ത് വീട്ടിൽ തന്നെയായപ്പോൾ തമിഴ് മേക്കപ്പ്മാൻ കണ്ണൻ രാജമാണിക്യത്തിന്റെ വീഡിയോ കാണാൻ ഇടയായെന്നും ഇതാണ് തന്റെ തുടക്കമെന്നും നിവ്യ പറഞ്ഞു. ‘ഒരു മോഡലിനെ നയന്താരയെ പോലെ ആക്കുന്ന കണ്ണൻ രാജമാണിക്യം സാറിന്റെ വീഡിയോ ഞാൻ കണ്ടു . ഇതുകണ്ട് ഞാനും ചെയ്തു നോക്കി. ശേഷം ഫോട്ടോ എടുത്ത് വീട്ടുക്കാർക്ക് അയച്ചുകൊടുത്തുപ്പോൾ എല്ലാവരുടെ ഭാഗത്ത് നിന്ന് പോസ്റ്റീവായുള്ള മറുപടിയായിരുന്നു ലഭിച്ചത്. അതോടെ ഇത് എനിക്കും ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം ലഭിച്ചു. പിന്നീട് യുകെയിലേക്ക് തിരിച്ച് പോയപ്പോൾ ഭർത്താവ് ജോലിക്കും മകൾ സക്കൂളിലും പോയി കഴിഞ്ഞാൽ വീട്ടിൽ ഞാനും ഇളയ മകളും മാത്രമാണ്. ഇളയ മകളെ പ്രസവിച്ച സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ പോസ്റ്റ്‌പാർട്ടം ഡിപ്രഷനിലേക്ക് കടക്കാതിരിക്കാൻ എന്തെങ്കിലും കാര്യത്തിൽ ഏർപ്പെട്ടിരിക്കണമെന്ന തോന്നലിൽ നിന്നാണ് ഇത് തുടങ്ങിയത്. ഇങ്ങനെയാണ് യൂട്യൂബ് ചാനലിന്റെ തുടക്കം’.
പ്രേക്ഷകർക്ക് തോന്നുന്ന അത്ഭുതം തന്നെയാണ് വീട്ടുക്കാർക്കും
സാധാരണ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന പ്രതികരണം തന്നെയാണ് വീട്ടുക്കാരിൽ നിന്നും ലഭിക്കുന്നതെന്നാണ് നിവ്യ പറയുന്നത്. ഭർത്താവ്‍ വിനീഷ് മാധവനും, മക്കളും എല്ലാത്തിനും സപ്പോർട്ട് ചെയ്യാറുണ്ട്. ‘എന്താണ് ഞാൻ ചെയ്യുന്നത് അത് അവർക്ക് ഓകെ ആണ്. എന്റെ സന്തോഷമാണ് അവർക്ക് പ്രധാനം. ഞാൻ ഇത് ചെയ്യുമ്പോൾ ഭർത്താവിനൊക്കെ അഭിമാനമാണ്. വീട്ടുക്കാർക്ക് അത്ഭുതമാണ്. ഞാൻ ഇതൊക്കെ എപ്പോൾ പഠിച്ചെന്നാണ് അവർ ചോദിക്കുന്നത്. അവരെ ചെയ്യണം ഇവരെ ചെയ്യണം എന്ന് പറഞ്ഞ് വീട്ടുക്കാർ തന്നെ നിർദ്ദേശം തരാറുമുണ്ട്’.
അർജുനോടുള്ള ഇഷ്ടമാണ് അത്..
നിവ്യയുടെ നിരവധി വീഡിയോ വൈറലായിട്ടുണ്ടെങ്കിലും മലയാളകിൾ ഒന്നടങ്കം സ്വീകരിച്ച ഒരു വീഡിയോ ആണ് ഷിരൂരിലെ മണ്ണിടിച്ചലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ട്രാൻസ്ഫർമേഷൻ വീഡിയോ. ചെറുതായി ഒന്ന് കണ്ണീരണിയാതെ ആ വീഡിയോ മുഴുവനായും കണ്ട് തീർക്കാനാവില്ല. ഇതുവരെ എൺപത് ലക്ഷത്തോളം പേരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രമായി വീഡിയോ കണ്ടത്. നിരവധി പേരാണ് അർജുനെ ചെയ്യാമോ എന്ന് ചോദിച്ച് മെയിലിലും ഇൻബോക്സിൽ മെസെജ് അയച്ചത് എന്നാണ് നിവ്യ പറയുന്നത്. ആദ്യം ഇത് ചെയ്യണ്ട എന്ന് തോന്നിയെങ്കിലും പിന്നീട് അർജുനോടുള്ള ആദരസൂചകമായി ചെയ്തതാണ്. അങ്ങനെയാണ് അർജുന്റെ രൂപത്തിലേക്ക് മാറിയത് എന്നുമാണ് നിവ്യ പറയുന്നത്. അർജുനായുള്ള മേക്കപ്പ് ട്രാൻസ്ഫർമേഷൻ ഇത്രത്തോളം വിജയമാകുമെന്ന് താൻ പ്രതീക്ഷിച്ചില്ല. അത് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു. ഞാൻ ആ വീഡിയോ ചെയ്തതിന് പുറമെ അർജുനോടുള്ള മലയാളികളുടെ ഇഷ്ടമാണ് ആ വീഡിയോ അത്രയും റീച്ച് കിട്ടാൻ കാരണമായത്.
View this post on Instagram
സുഹാസിനി മേഡം വീഡിയോ കണ്ട് ഫോളോ ചെയ്തു
താരങ്ങളുടെ അടക്കം നിരവധി പേരുടെ മേക്കപ്പ് ട്രാൻസ്ഫർമേഷൻ ആണ് നിവ്യ നടത്തിയിട്ടുള്ളത്. വീഡിയോ കണ്ട് സെലിബ്രെറ്റികൾ അടക്കം അഭിനന്ദിച്ച് എത്താറുണ്ടെന്ന് നിവ്യ പറയുന്നു. ഇതൊക്കെ എല്ലാവരിലേക്കും എത്തുന്നുണ്ടെന്നും അത് കാണുന്നുണ്ടെന്നും ഓർക്കുമ്പോൾ സന്തോഷമെന്നാണ് നിവ്യ പറയുന്നത്. നടി സുഹാസിനി തന്റെ വീഡിയോ കണ്ട് മെസേജ് അയച്ചുവെന്നും ഇതിനു പുറമെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തു. ഞാൻ ഒരു സംഭവം തന്നെ എന്ന് തോന്നിയിട്ടുണ്ട്. സംവിധായകൻ ലാൽ ജോസ്‍ ആടുജീവിതത്തിലെ യഥാർത്ഥ നജീബിന്റെ മോക്കോവർ കണ്ട് കമന്റ് ഇട്ട് ഫോളോ ചെയ്തു.
‘കൊടുമൺ പോറ്റി’ക്കുവേണ്ടി പല്ലിൽ വരെ മേക്കപ്പ് ചേയ്യേണ്ടിവന്നു
ഇരുന്നറിധികം മുഖങ്ങളാണ് നിവ്യയുടെ മുഖത്ത് സ്ഥാനം പിടിച്ചത്. ഇതുവരെ ചെയ്തതിൽ ഏറ്റവും കൂടുതൽ എഫർട്ട് എടുത്തത് ഭ്രമയുഗത്തിലെ മമ്മൂട്ടി ലുക്ക് ചെയ്യാൻ വേണ്ടിയാണ്. മമ്മൂട്ടിയുടെ രണ്ട് ലുക്കാണ് ഇതുവരെ ഞാൻ ഇതുവരെ ചെയ്തത്. അത് രണ്ടിനും നല്ല പരിശ്രമം നടത്തിയിട്ടുണ്ട്. ഇത്രയും പ്രശസ്തമായ ആൾക്കാരെ ചെയ്യുമ്പോൾ അത്രയും നല്ല രീതിയിൽ ചെയ്തില്ലെങ്കിൽ അതിന്റെ ഫലം വലുതാകും. നന്നായിട്ട് ചെയ്താൽ അതിന്റെ ഗുണം ലഭിക്കും. ചെറുതായി ഒന്ന് മോശമായാൽ അതേപോലെ നെഗറ്റീവും ലഭിക്കും. ആദ്യത്തെ ലുക്കിനെക്കാൾ എഫർട്ട് എടുത്ത് ചെയ്തത് രണ്ടാമത്തെ ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി ലുക്കാണ്. അഞ്ച് മണിക്കൂർ ഇരുന്ന് ചെയ്തതാണ് അത്. വയസ്സായ മുഖമാക്കി മാറ്റാൻ നല്ലവണ്ണം കഷ്ടപ്പെട്ടു. ഇതിനായി പല്ലിൽ വരെ മേക്കപ്പ് ചെയ്യേണ്ടി വന്നിരുന്നു.
പ്രേക്ഷകരുടെ ഇഷ്ടം നോക്കും
ഒരാളെ മേക്കപ്പ് ട്രാൻസ്ഫർമേഷൻ ചെയ്യാൻ തിരഞ്ഞെടുക്കുമ്പോൾ തനിക്ക് യോജിച്ചതാണോ എന്നതിലുപരി പ്രേക്ഷകരുടെ ഇഷ്ടം കൂടി നോക്കാറുണ്ട് എന്നാണ് നിവ്യ പറയുന്നത്. പ്രേക്ഷകർക്ക് ഞാൻ തിരഞ്ഞെടുക്കുന്നയാളെ ഇഷ്ടമാണോ എന്നാണ് നോക്കാറുള്ളത്. നമ്മൾ ചെയ്യുന്ന വർക്ക് ഇഷ്ടപ്പെടുന്നതിനേക്കാൾ അവരോടുള്ള ഇഷ്ടം കൂടി ഞാൻ അതിൽ കാണാറുണ്ട്. പൊതുവെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നയാളെ തിരഞ്ഞെടുക്കാറുള്ളത്. ഇതിനു ശേഷം പ്രധാനമായും നോക്കുന്നത് അവരുടെ മുഖത്തിന്റെ സവിശേഷതയാണ്. അതായത് നെറ്റിഭാഗവും കണ്ണും ഒക്കെ അധികമായി ശ്രദ്ധിക്കാറുണ്ട്. വീതിയുള്ള മുഖമൊക്കെ ചെയ്യാൻ എനിക്ക് അധികം പറ്റാറില്ല. ചിത്ര മാംമിന്റെ മുഖമൊന്നും അത്ര നല്ല രീതിയിൽ വന്നിട്ടില്ല. യൂത്തായിട്ടുള്ളവരുടെ ചെയ്യുമ്പോഴാണ് കുറച്ചുകൂടി നമ്മുടെ ഫേസിനു മാച്ചായി വരാറുള്ളത്.
ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാകില്ല
സാധാരണ ജോലിയിൽ അനുഭവപ്പെടുന്ന തരത്തിലുള്ള വെല്ലുവിളികൾ ഇതിലും ഉണ്ടാകാറുണ്ടെന്നാണ് നിവ്യ പറയുന്നത്. അത്രയും സമയം എടുത്ത് നമ്മൾ ചെയ്ത് അതിന്റെ റിസൾട്ട് കിട്ടിയില്ലെങ്കിൽ എല്ലാം തീർന്നു. അതിന്റെ നിസൾട്ട് കിട്ടുക എന്നത് പൂർണമായും നമ്മുടെ കൈയ്യിൽ അല്ല. ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാകില്ല. ശരിയായില്ലെങ്കിൽ അടുത്ത ദിവസം വരെ കാത്തുനിൽക്കണം. അത് പലപ്പോഴും വെല്ലുവിളിയാകാറുണ്ട്. രണ്ട് മൂന്ന് വട്ടം ചെയ്തും ശരിയായില്ലെങ്കിൽ അത്വേണ്ടെന്ന് വയ്ക്കും. പിന്നെ ലൈറ്റ് നോക്കി നിരന്തരം ഇരിക്കുന്നതുകൊണ്ട് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടാറുണ്ട്.
View this post on Instagram
മോസ്റ്റ് ‘ഫേവറേറ്റ്
ഇതുവരെ ചെയ്തതിൽ ഏറ്റവും കൂടുതൽ സംതൃപ്തി തോന്നിയത് ആടുജീവിതത്തിലെ യഥാർത്ഥ നജിബിനെ ചെയ്തപ്പോഴാണ് എന്നാണ് നിവ്യ പറയുന്നത്. എല്ലാവരും നല്ല അഭിപ്രായമാണ് ഇത് കണ്ട് പറഞ്ഞത്. എനിക്കും അത് തോന്നിയിട്ടുണ്ട്. അത് തന്നെയാണ് എന്റെ മോസ്റ്റ് ‘ഫേവറേറ്റും.