Manju Warrier: ‘ആസൂത്രണം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Manju Warrier Reacts to Actress Assault Case Verdict: ഇത് ആസൂത്രണം ചെയ്തവർ ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ കോടതി വിധി പ്രസ്താവിച്ചശേഷം പ്രതികരണവുമായി നടി മഞ്ജു വാര്യർ. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിക്കുകയാണ് നടി. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഇത് ആസൂത്രണം ചെയ്തവർ ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു.
പോലീസിലും നിയമസംവിധാനത്തിലും താനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ യഥാർത്ഥ പ്രതിയെ കണ്ടെത്തിയേ തീരൂവെന്നും അത് അതിജീവിതയ്ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണെന്നും നടി പറയുന്നു. എന്നും അതിജീവിതയ്ക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
അതേസമയം കേസിന്റെ വിധി വന്നതിനു പിന്നാലെ ആദ്യ പ്രതികരണവുമായി അതിജീവിത എത്തിയിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അതിജീവിത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണവും ഉണ്ടായിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്‌തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണ്ണമാവുകയുള്ളൂ. പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്. അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ.അന്നും, ഇന്നും, എന്നും അവൾക്കൊപ്പം
-മഞ്ജു വാര്യർ.