Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Survivor Reaction to Actress Attack Verdict: ഇപ്പോഴിതാ ശിക്ഷ വിധിയിൽ അതൃപ്തി പ്രകടപ്പിച്ച് അതിജീവിത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം.
എട്ട് വർഷം നീണ്ട വിചാരണയ്ക്കും സാക്ഷിവിസ്താരങ്ങൾക്കും ഒടുവിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടിയെ ആക്രമിച്ച കേസിൽ വിധി വന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കാണ് ശിക്ഷ വിധിച്ചത്. ആറ് പേർക്കും 20 വർഷം കഠിന തടവും പിഴയുമാണ് വിധിച്ചത്. ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു.
ഇപ്പോഴിതാ ശിക്ഷ വിധിയിൽ അതൃപ്തി പ്രകടപ്പിച്ച് അതിജീവിത തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ശിക്ഷാവിധി വന്നതിന് പിന്നാലെയാണ് അതിജീവിതയുടെ പ്രതികരണം. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അതിജീവിതയുടെ പ്രതികരണം. കേസിന്റെ നാൾവഴികളിൽ നേരിടേണ്ടി വന്ന ദുരാനുഭവങ്ങളെ എണ്ണിപ്പറഞ്ഞാണ് അതിജീവിതയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
ഒന്നാംപ്രതി തൻ്റെ പേഴ്സണൽ ഡ്രൈവർ എന്നത് ശുദ്ധമായ നുണയാണെന്നും അയാളെ തനിക്ക് അറിയില്ലെന്നും ദയവായി തെറ്റായ കാര്യങ്ങൾ പറയുന്നത് നിർത്തണമെന്നും നടി വ്യക്തമാക്കുന്നു. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ തന്നെ തന്നോട് പറഞ്ഞിരുന്നു. തന്നോടൊപ്പം നിന്ന മനുഷ്യർക്ക് നന്ദി അറിയിക്കുന്നതായും നടി കുറിപ്പിൽ വ്യക്തമാക്കി.
Also Read:‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
പോസ്റ്റിന്റെ പൂർണ രൂപം
എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എൻ്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.
അതുപോലെ ഒന്നാംപ്രതി എൻ്റെ personal ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എൻ്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്‌ചെയ്‌ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം എന്നാൽ എനിക്കിതിൽ അത്ഭുതമില്ല. 2020 ൻ്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്‌തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹർജികളും പക്ഷേ നിഷേധിക്കുകയായിരുന്നു. അതിൻ്റെ വിശദാംശങ്ങൾ ഇതിൻ്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.

Actress Assault Case

Actress Attack Case