Kathiravan Movie : അയ്യങ്കാളിയാകുന്നത് മമ്മൂട്ടിയല്ല, സിജു വിൽസണാണ്; കതിരവൻ ചിത്രീകരണം ഉടൻ
Kathiravan Movie Cast & Crew Updates : അയ്യാങ്കാളിയായി മമ്മൂട്ടി കതിരവനിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് അണിയറപ്രവർത്തകർ മമ്മൂട്ടിയുമായി ചർച്ചകളും നടത്തിയിരുന്നു.
നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ ജീവചരിത്രം പറയുന്ന കതിരവനിൽ മമ്മൂട്ടി അയ്യങ്കാളിയായി എത്തുമെന്നായിരുന്നു അണിയറപ്രവർത്തകർ സൂചന നൽകിയിരുന്നത്. ഇത് സംബന്ധിച്ച് മലയാളത്തിൻ്റെ മെഗാതാരവുമായി സംവിധായകനും മറ്റ് അണിയറപ്രവർത്തകരും തമ്മിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ മഹാത്മ അയ്യാങ്കാളിയായി കതിരവനിൽ എത്തുക സിജു വിൽസൺ ആണെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ. കതിരവൻ്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.
വിനയൻ്റെ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് ശേഷം സിജു വിൽസൺ ചരിത്രത്തിൽ വേഷത്തിലെത്തുന്ന മറ്റൊരു ചിത്രം കൂടിയാകും കതിരവൻ. താരം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് കതിരവൻ നിർമിക്കുന്നത്. രാജ്യാന്തര ചലച്ചിത്ര മേഖലയിൽ ശ്രദ്ധേയനായ അരുൺ രാജാണ് കതിരവൻ്റെ സംവിധാനവും ഛായാഗ്രഹണവും കൈകാര്യം ചെയ്യുന്നത്. നാടക പ്രവർത്തകനും തിരക്കഥകൃത്തുമായ പ്രദീപ് താമരക്കുളമാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
അയ്യങ്കാളിയായി ആദ്യം പരിഗണിച്ചിരുന്നത് മമ്മൂട്ടിയെയായിരുന്നു. ഇതിനായി മമ്മൂട്ടിയുമായി പല തവണ കൂടിക്കാഴ്ച നടന്നുയെന്ന് സംവിധായകൻ അരുൺ രാജ് നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ഈ വേഷം സിജു വിൽസണിലേക്കെത്തുന്നത്. എഡ്വിൻ്റെ നാമം, വെൽക്കം ടു പാണ്ടിമല എന്നീ സിനിമകൾക്ക് ശേഷം അരുൺ രാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കതിരവൻ. ബിജിബാലാണ് ചിത്രത്തിന് സംഗീതം നൽകുക.