Kaviyoor Ponnamma Death: കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ; മുൻസിപ്പൽ ടൗൺഹാളിൽ പൊതുദർശനം
മലയാള സിനിമയിൽ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ഇനി ഓർമയിൽ മാത്രം. സംസ്കാരം നാളെ.
കവിയൂർ പൊന്നമ്മയുടെ മൃതദേഹം നാളെ സംസ്കരിക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് നടത്തും. നാളെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും.
സെപ്റ്റംബർ 20-ന് വൈകീട്ടാണ് മലയാള സിനിമയുടെ അമ്മ മനസ്, നടി കവിയൂർ പൊന്നമ്മ വിട വാങ്ങിയത്. കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സിയിലായിരുന്നു നടി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1945 സെപ്റ്റംബറിൽ പത്തനംതിട്ട ജില്ലയിൽ ജനിച്ച കവിയൂർ പൊന്നമ്മ, തന്റെ പതിനേഴാം വയസിലാണ് ആദ്യമായി ക്യാമറക്ക് മുന്നിൽ വരുന്നത്. അന്ന് മുതൽ മലയാളികളെ സ്നേഹത്താലും വാത്സല്യത്താലും നടി കീഴ്‌പ്പെടുത്തി. വളരെ ചെറുപ്പം മുതൽ തന്നെ ‘അമ്മ വേഷങ്ങൾ ചെയ്ത കവിയൂർ പൊന്നമ്മ മലയാള സിനിമയിലെ അമ്മ മുഖമായി മാറി. എഴുപത് വർഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ 700-ഓളം സിനിമകളിൽ വേഷമിട്ടു. ഏറ്റവും കൂടുതൽ മലയാള സിനിമയിൽ അഭിനയിച്ച നടികളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ.
ALSO READ: പ്രാർഥനകൾ വിഫലം; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
സംഗീതത്തെ ഒരുപാട് സ്നേഹിച്ചിരുന്ന പൊന്നമ്മ നാടകത്തിൽ ഗായികയായാണ് കലാരംഗത്തേക്ക് വരുന്നത്. പിന്നീട് കെപിഎസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെ അഭിനയം ആരംഭിച്ചു. തുടർന്ന്,1962-ൽ ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന ചിത്രത്തിലൂടെ കവിയൂർ പൊന്നമ്മ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തി.
2022-ൽ പുറത്തിറങ്ങിയ ‘കണ്ണാടി’ എന്ന സിനിമയായിരുന്നു അവസാന ചിത്രം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അഭിനയ ജീവതത്തിൽ നിന്നും നടി ഏറെ നാളായി മാറി നിൽക്കുകയായിരുന്നു. എം കെ മണിസ്വാമിയാണ് ഭർത്താവ്, മകൾ ബിന്ധു മണിസ്വാമി.