Kaviyoor Ponnamma: ‘മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ജീവിക്കുക തന്നെയായിരുന്നു’; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ വിതുമ്പുന്ന വാക്കുകളുമായി മോഹൻലാൽ
Mohanlal Expressed Deep Hearten Condolences on Kaviyoor Ponnamma Demise: അന്തരിച്ച നടി കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം ഉണ്ടാവുമെന്ന് മോഹൻലാൽ കുറിച്ചു.
കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വിതുമ്പുന്ന വാക്കുകളുമായി നടൻ മോഹൻലാൽ. കവിയൂർ പൊന്നമ്മയ്‌ക്കൊപ്പം മകനായി ഒരിക്കലും അഭിനയിക്കേണ്ടി വന്നിട്ടില്ല, ജീവിക്കുക തന്നെയായിരുന്നുവെന്ന് നടൻ കുറിച്ചു. തന്റെ സമൂഹ മാധ്യമത്തിലൂടെയാണ് താരം വേദന പങ്കുവെച്ചത്. വിതുമ്പുന്ന വാക്കുകൾക്കൊണ്ട് തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ലെന്നും ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം ഉണ്ടാവുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാൽ കുറിച്ചതിങ്ങനെ:
“അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..”
ALSO READ: അന്ന് ലാല് പറഞ്ഞത് കേട്ട് വിങ്ങിപ്പോയ കവിയൂർ പൊന്നമ്മ, ഓര്‍മകള്‍
ഏഴ് പതിറ്റാണ്ടോളം നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ നിരവധി താരങ്ങളുടെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മോഹൻലാലിന്റെ അമ്മയായി വന്ന കഥാപാത്രങ്ങളോട് മലയായികൾക്കെന്തോ ഒരു പ്രത്യേക ഇഷ്ടമാണ്. മോഹൻലാലും കവിയൂർ പൊന്നമ്മയും അമ്മ-മകൻ വേഷത്തിലെത്തുന്ന സിനിമകളെല്ലാം വൻ വിജയമായിരുന്നു. അതിനാൽ തന്നെയാവണം ദശരഥം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഹിസ് ഹൈനസ്സ് അബ്ദുള്ള, ഭരതം, കിഴക്കുണരും പക്ഷി, ചെങ്കോൽ, കിരീടം, മായാമയൂരം, വിയറ്റ്നാം കോളനി, മാമ്പഴക്കാലം, നാട്ടുരാജാവ്,വടക്കുന്നാഥൻ തുടങ്ങി എണ്ണിയാൽ തീരാത്തത്ര ചിത്രങ്ങളിൽ ഇവർ ഒരുമിച്ചെത്തിയത്. ഇനിയൊരിക്കലും ഇവരെ അമ്മയും മകനുമായി കാണാൻ സാധിക്കില്ലായെന്നത് മലയാള സിനിമാ പ്രേക്ഷകരെ സംബന്ധിച്ചടുത്തോളം ഒരു വലിയ ദുഃഖമാണ് തന്നെയാണ്.
സെപ്റ്റംബർ 20-ന് വൈകീട്ടാണ് നടി കവിയൂർ പൊന്നമ്മ വിട വാങ്ങിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സിയിലായിരുന്നു. മൃതദേഹം നാളെ സംസ്കരിക്കും. നാളെ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം ആലുവയിലെ വീട്ടിൽ വെച്ച് വൈകിട്ട് നാല് മണിക്ക് നടക്കും.