JSK – Janaki vs State of Kerala Row: ജാനകി എന്ന പേരിന് എന്താണ് കുഴപ്പം? ജെഎസ്കെ സിനിമ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
Kerala High Court Questions Censor Board: ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ഇതിനു മുൻപും സമാനമായ പേരുകളിൽ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
കൊച്ചി: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി നായകനാകുന്ന ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേരള ഹൈക്കോടതി. ജാനകി എന്ന പേരിന് എന്താണ് കുഴപ്പമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചു. ഇതിനു മുൻപും സമാനമായ പേരുകളിൽ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോള്‍ എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഹൈക്കോടതിയുടെ ചോദ്യത്തിന് ജാനകി’ എന്നത് മതപരമായ പേരായതിനാലാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്ന് സെൻസർ ബോർഡ് വിശദീകരിച്ചു. കഴിഞ്ഞദിവസം സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി ചിത്രം വീണ്ടും കണ്ട് ചിത്രത്തിന്റേയും കഥാപാത്രത്തിന്റേയും പേരിലെ ‘ജാനകി’ മാറ്റണമെന്ന് ആവർത്തിച്ചിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇത്തരം പേരുകൾ മതവികാരത്തെ വൃണപ്പെടുത്തുമെന്നമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ മറുപടിയിൽ അങ്ങനെ ഒന്നും ഇല്ലെന്നും. ഭരണഘടന അനുശാസിക്കുന്ന പ്രകാരമുള്ളൊരു പേരില്‍ എന്താണ് പ്രശ്നമെന്നാണ് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറു ചോദ്യം ചോദിച്ചത്. നിയമവിരുദ്ധമായൊന്നും ഈ സിനിമയിലോ പേരിലോ ഇല്ലെന്നും പിന്നെ എന്തുകൊണ്ട് പ്രദര്‍ശനാനുമതി നിഷേധിക്കുന്നതെന്ന് നിര്‍മാതാക്കൾ ചോദിച്ചു.
Also Read:‘ട്രെയിലറിനും സിനിമയ്ക്കും രണ്ട് നിയമമോ?’; സെൻസർ ബോർഡിന് മുന്നിൽ സമരം നടത്തുമെന്ന് ഫെഫ്ക
അതേസമയം ചിത്രത്തിന്റെ പേര് മാറ്റൽ വിവാദത്തില്‍ പ്രതികരിച്ച് ഫെഫ്ക രംഗത്ത് എത്തിയിരുന്നു. ജെഎസ്കെ-യുടെ ട്രെയിലറും ടീസറും സെൻസർ ബോർഡ് ക്ലിയർ ചെയ്തതാണെന്നും ഒരു മാസത്തോളമായി ഇത് തീയേറ്ററിൽ കാണിക്കുന്നുണ്ടെന്നും, അതിന് യാതൊരുവിധ പ്രശ്നവുമില്ലേയെന്നും പ്രതിനിധികൾ ചോദിച്ചു. സെൻസർ ബോർഡ് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച ഒരു ദിവസം നീണ്ടു നിൽക്കുന്ന സമരം നടത്തുമെന്നും ഇവർ അറിയിച്ചിരുന്നു.