Kerala State Film Awards: ശനിയാഴ്ച്ച നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി
Kerala State Film Awards Postponed: ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവച്ചത്. അതേസമയം മികച്ച നടൻ മമ്മൂട്ടി ആകാനാണ് സൂചന.
തിരുവനന്തപുരം: ശനിയാഴ്ച നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. അവാർഡ് പ്രഖ്യാപനം ഇനി തിങ്കളാഴ്ചയാണ് നടത്തുക. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന പരിപാടി ഇനി നവംബർ മൂന്നിനാണ് നടത്തുക. നവംബർ മൂന്നിന് മൂന്ന് മണിക്ക് തൃശൂരിൽ വച്ചാകും അവാർഡ് പ്രഖ്യാപനം. ജൂറി ചെയർമാന്റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവച്ചത്.
നവംബർ ഒന്നിന് മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും എന്നായിരുന്നു തീരുമാനിച്ചിരുന്നത്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം 38 ചിത്രങ്ങളാണ് തിരഞ്ഞെടുത്തത്. ഇവ നടൻ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലാണ്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുൻപിൽ എത്തിയത്. ഇതിൽ 30 ശതമാനം സിനിമകളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിൽ എത്തിയത്.
അതേസമയം മികച്ച നടൻ മമ്മൂട്ടി ആകാനാണ് സൂചന. ഭ്രമയുഗം സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടിയെ പരിഗണിക്കും എന്നാണ് പൊതുവായ റിപ്പോർട്ട്. അന്തിമ പട്ടികയിൽ ടോവിനോ തോമസും ഇടം നേടിയതായി സൂചന. അജയന്റെ രണ്ടാം മോഷണത്തിലെ പ്രകടനത്തിനാണ് ടോവിനോ തോമസിനെ പരിഗണിക്കുന്നത്. എന്നാൽ മികച്ച നടിമാർക്ക് വേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്.
മികച്ച നടിക്ക് വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്. കൂടാതെ രേഖാചിത്രത്തിലെ അനശ്വര രാജൻ. ബോഗെയ്ൻ വില്ലയിലെ ജ്യോതിർമയി. ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ ഷംല. എആർഎം സിനിമയിലെ സുരഭി ലക്ഷ്മി എന്നിവരാണ് മറ്റ് മത്സരാർത്ഥികൾ.