Alappuzha Gymkhana: ഇനി ഇടിയുടെ ലെവൽ മാറും; ‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ വീണ്ടും എത്തുന്നു, ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
Alappuzha Gymkhana Title Poster is Out: ബ്ലോക്ക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം വീണ്ടും തീയറ്റേറുകളിൽ 'ഇടി'മുഴക്കം കൊണ്ടുവരാൻ ഒരുങ്ങുകുകയാണ് ഖാലിദ് റഹ്മാൻ. പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി.
‘തല്ലുമാല’ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനത്തിൽ പുതിയൊരു ചിത്രം ഒരുങ്ങുന്നു. നസ്ലിൻ, ഗണപതി, ലുക്മാൻ അവറാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ‘ആലപ്പുഴ ജിംഖാന’ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത് ഖാലിദ് റഹ്മാനും, ശ്രീനി ശശീന്ദ്രനും ചേർന്നാണ്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം ‘തല്ലുമാല’ പോലെ തന്നെ ഒരു ആക്ഷൻ പടമായിരിക്കും എന്നാണ് സൂചന.
പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസ് നിർമിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘ആലപ്പുഴ ജിംഖാന’. നസ്ലിൻ, ഗണപതി, ലുക്മാൻ, അനഘ രവി എന്നിവർക്ക് പുറമെ സന്ദീപ് പ്രദീപ്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ചിത്രത്തിന്റെ സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്ന ‘പ്രേമലു’വിലെ സച്ചിന് ശേഷം തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിലൂടെയാണ് നസ്ലിൻ ഈ ചിത്രത്തിൽ എത്തുന്നത്. അതേസമയം, ബോക്സ്ഓഫീസ് തൂത്തുവാരിയ ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ഗണപതിയും ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നു. ‘അഞ്ചക്കള്ളക്കോക്കാൻ’ എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ ലുക്മാൻ അവറാനും എത്തുന്നതോടെ ആരാധകരിൽ പ്രതീക്ഷ ഏറുകയാണ്.
View this post on Instagram
ഛായാഗ്രഹണം- ജിംഷി ഖാലിദ്, ചിത്രസംയോജനം- നിഷാദ് യൂസഫ്, സംഗീതം- വിഷ്ണു വിജയ്, വരികൾ- മുഹ്‌സിൻ പരാരി, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം- മാഷർ ഹംസ, വി എഫ് എക്സ്- ഡിജി ബ്രിക്സ്, മേക്കപ്പ്- റോണക്സ് സേവിയർ, ആക്‌ഷൻ കോറിയോഗ്രഫി- ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആര്ട്ട് ഡയറക്ടർ- ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ- ലിതിന് കെ ടി, ലൈൻ പ്രൊഡ്യൂസർ- വിഷാദ് കെ എൽ, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, സ്റ്റിൽ കോറിയോഗ്രഫി- രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്- ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട് & ജിനു സുനിൽകുമാർ.