Kudassanad Kanakam: ‘ദർശന ഇപ്പോൾ ഫോൺ വിളിച്ചാൽ എടുക്കാറില്ല, മെസേജും നോക്കില്ല’; കുടശ്ശനാട് കനകം
Kudassanad Kanakam Talks About Darshana Rajendran: 'ജയ ജയ ജയ ജയഹേ'യുടെ ഷൂട്ടിങ്ങെല്ലാം തീർന്നതിന് ശേഷം രണ്ടോ മൂന്നോ തവണ ദർശന കോൾ എടുത്തിരുന്നു. പിന്നീട് വിളിച്ചാൽ എടുക്കാറില്ലെന്ന് കുടശ്ശനാട് കനകം പറയുന്നു.
‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് കുടശ്ശനാട് കനകം. ‘ജയ ജയ ജയ ജയഹേ’ എന്ന സിനിമയിൽ ബേസിൽ ജോസഫിന്റെ അമ്മയുടെ വേഷത്തിലാണ് നടി എത്തിയത്. ദർശന രാജേന്ദ്രനായിരുന്നു ചിത്രത്തിലെ നായിക. ഇപ്പോഴിതാ, സിനിമയ്ക്ക് ശേഷം ദർശന ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് പറയുകയാണ് കുടശ്ശനാട് കനകം. സിനിമാറ്റിക്യൂ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.
‘ജയ ജയ ജയഹേ’യുടെ വർക്ക് തീർന്ന ശേഷം രണ്ടോമൂന്നോ തവണ ദർശന കോൾ എടുത്തിരുന്നു. പിന്നീട് ഒരു വിവരവുമില്ലെന്നും വിളിച്ചാൽ പോലും എടുക്കാറില്ലെന്നും കനകം പറഞ്ഞു. വാട്സാപ്പിൽ മെസേജ് അയച്ചു നോക്കിയിരുന്നുവെന്നും അതിനും മറുപടി ലഭിച്ചില്ലെന്നും നടി പറഞ്ഞു. എന്നാൽ, ബേസിൽ ജോസഫ് എത്ര തിരക്കാണെങ്കിലും എപ്പോഴെങ്കിലുമൊക്കെ തനിക്ക് മറുപടി നൽകാറുണ്ടെന്നും കനകം കൂട്ടിച്ചേർത്തു. സംവിധായകൻ വിപിൻ ദാസും അങ്ങനെ തന്നെയാണെന്നും നടി പറഞ്ഞു.
ദർശനയുടെ അമ്മയും ഇപ്പോൾ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ടുണ്ട്. മോൾ പോകുന്നിടത്തെല്ലാം തന്റെ കാര്യം കൂടെ പറയണേ എന്ന് അന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ എന്തായാലും തന്നെ കൊണ്ടു പോകാൻ ആയിരിക്കില്ലല്ലോ താത്പര്യം. അമ്മയെ കൊണ്ടു പോകാൻ ആവില്ലേ എന്നും കനകം പറഞ്ഞു. അത് ഇനി പറഞ്ഞിട്ട് കാര്യമില്ലെന്നും, അവർക്ക് തന്നോട് വിദ്വേശമുണ്ടായിട്ട് അല്ലെന്നും കുടശ്ശനാട് കനകം കൂട്ടിച്ചേർത്തു.
തന്റെ ദുഃഖങ്ങളൊക്കെ മാറാൻ വഴിത്തിരിവായത് ‘ജയ ജയ ജയ ഹേ’ എന്ന സിനിമയാണെന്നും നടി പറയുന്നു. ആ ടീമിനോടും നിർമാതാക്കളോടും ഫുഡ് പ്രൊഡക്ഷനിലെ ഓരോരുത്തരോടും താൻ കടപ്പെട്ടിരിക്കുന്നു. തന്നെ താൻ ആക്കിയതിൽ ആ ലൊക്കേഷന് വലിയ പങ്കുണ്ടെന്നും കനകം പറഞ്ഞു.