Ullas Pandalam: ‘ഉല്ലാസിന്റെ ഫോണിലേക്ക് പുഷ്പാഞ്ജലി റെസീപ്റ്റിന്റെ ഒഴുക്ക്; മഞ്ജു ചേച്ചിയും ബാലയും വിളിച്ചു’; ലക്ഷ്മി നക്ഷത്ര
Lakshmi Nakshathra On Ullas Pandalam Health Update: മഞ്ജു ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു. തനിക്ക് പറ്റുന്ന സഹായങ്ങൾ ചെയ്ത് തരാമെന്ന് മഞ്ജു ചേച്ചി ഓഫർ ചെയ്തുവെന്നും നടൻ ബാല വിളിച്ചിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
അടുത്തിടെയാണ് നടനും ടെലിവിഷൻ കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പുറം ലോകം അറിഞ്ഞുതുടങ്ങിയത്. ലക്ഷ്മി നക്ഷത്രയ്ക്കൊപ്പം ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഉല്ലാസ് എത്തിയപ്പോഴാണ് തനിക്ക് സംഭവിച്ചതിനെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സ്‌ട്രോക്ക് വന്ന് ഒരു വശത്തിനുണ്ടായ ബലക്ഷയത്തെ കുറിച്ചും ഇക്കാര്യം എന്തുകൊണ്ട് ഇതുവരെ മറച്ചുവെച്ചുവെന്നതിനെ കുറിച്ചും ഉല്ലാസ് തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ, ഉല്ലാസിന്റെ അവസ്ഥ കണ്ട് നിരവധി സെലിബ്രിറ്റികള്‍ വിളിച്ചിരുന്നുവെന്നും സഹായങ്ങൾ വാഗ്ദാനം ചെയ്ത് രംഗത്ത് എത്തിയിരുന്നുവെന്നും പറയുകയാണ് ലക്ഷ്മി നക്ഷത്ര . കേരള ഉത്സവം 2025-ൽ പങ്കെടുക്കാനെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു ലക്ഷ്മി നക്ഷത്ര. പുഷ്പാഞ്ജലി റെസീപ്റ്റുകളുടെ ഒഴുക്കാണ് ഉല്ലാസിന്റെ ഫോണിലേക്കെന്നും ലക്ഷ്മി പറയുന്നു.
ആ ഒരു വീഡിയോ വൈറലായതിനു ശേഷം ഒരുപാട് പോസിറ്റീവായിട്ടുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് താരം പറയുന്നത്. മഞ്ജു ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു. തനിക്ക് പറ്റുന്ന സഹായങ്ങൾ ചെയ്ത് തരാമെന്ന് മഞ്ജു ചേച്ചി ഓഫർ ചെയ്തുവെന്നും നടൻ ബാല വിളിച്ചിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.
നടൻ ഗിന്നസ് പക്രു, നടനും സംവിധായകനുമായ നാദിർഷ തുടങ്ങിയവരെല്ലാം വിളിച്ച് സഹായം വാഗ്ദാനം ചെയ്തുവെന്നും നടന്റെ ഫിസിയോ തെറാപ്പി ചികിത്സ ചിലവ് ‘ഈസി കുക്ക്’ എന്ന ബ്രാന്റ് ഏറ്റെടുത്തുവെന്നും ലക്ഷ്മി പറയുന്നു. 28-ാം തീയതി താൻ ഉല്ലാസ് ചേട്ടനെ കാണാൻ പോകുന്നുണ്ടെന്നും അദ്ദേഹം ഇപ്പോൾ വാക്കിങ് സ്റ്റിക്കില്ലാതെ നടന്ന് തുടങ്ങിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.
അദ്ദേഹം ഹാപ്പിയാണ്. ഒരുപാട് പേർ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ തന്നെ വിളിച്ചിട്ട് ഒരുപാട് പുഷ്പാഞ്ജലികളുടെ റെസീപ്റ്റ് കാണിച്ച് തന്നു. വൈകാതെ തന്നെ അദ്ദേഹം പുലിക്കുട്ടിയായി തിരിച്ചുവരുന്നത് നമ്മുക്ക് കാണാൻ സാധിക്കും. അതേസമയം ലക്ഷ്മിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും താരം പ്രതികരിച്ചു. നല്ലൊരു പ്രവൃത്തിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നാണ് താരം പറയുന്നത്.