Joju George – Lijo Jose Pellissery: ജോജുവിന് ശമ്പളം കൊടുത്തു; അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല: തെളിവ് പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി
Lijo Jose Pellissery Against Joju George Over Churuli: ചുരുളി സിനിമയിൽ അഭിനയിച്ചതിന് ജോജു ജോർജിന് ശമ്പളം കൊടുത്തതിന് തെളിവുമായി ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിനെ ആരും തെറ്റിദ്ധരിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ചുരുളി എന്ന സിനിമയുമായി ബന്ധപ്പെട്ട് ജോജു ജോർജ് നടത്തിയ ആരോപണങ്ങളിൽ മറുപടിയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് ശമ്പളം നൽകിയെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ലിജോ ജോസ് തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ശമ്പളം നൽകിയതിനുള്ള തെളിവും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ദിവസങ്ങൾക്ക് മുൻപാണ് ജോജു ജോർജ് ചുരുളി സിനിമ അണിയറപ്രവർത്തകർക്കെതിരെ രംഗത്തുവന്നത്. ചിത്രത്തിലെ തെറിയില്ലാത്ത പതിപ്പാവും തീയറ്ററിൽ റിലീസ് ചെയ്യുക എന്നാണ് തന്നോട് പറഞ്ഞതും പിന്നീട് അത് തന്നെ തീയറ്ററിൽ പുറത്തുവന്നു എന്നും ജോജു ആരോപിച്ചിരുന്നു. സിനിമയിൽ അഭിനയിച്ചതിന് തനിക്ക് ശമ്പളം ലഭിച്ചില്ലെന്നും ജോജു ആരോപിച്ചിരുന്നു. ഇതിന് മറുപടി ആയാണ് ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്




സുഹൃത്തുക്കളായ നിർമാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് വിശദീകരണം നൽകുന്നതെന്ന് ലിജോ ജോസ് കുറിച്ചു. എ സർട്ടിഫിക്കറ്റുള്ള സിനിമ തീയറ്ററിൽ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമാചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമ്മയില്ല. ഭാഷയെക്കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം. അവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയറ്ററിൽ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പറഞ്ഞു. ഈ പോസ്റ്റിനൊപ്പം ജോജു ജോർജിന് കൊടുത്ത ശമ്പളത്തിൻ്റെ സ്ക്രീൻഷോട്ടുകളും സ്റ്റേറ്റ്മെൻ്റും അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
വിനോദ് ജോസ്, ചെമ്പൻ ജോസ് എന്നിവർ ചെമ്പോസ്കി മോഷൻ പിക്ചേഴ്സിൽ നിന്ന് ജോസഫ് ജോർജിനാണ് പണം നൽകിയിരിക്കുന്നത്. സ്ക്രീൻഷോട്ടും അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും പരിഗണിക്കുമ്പോൾ 5,90,000 രൂപയുടെ ഇടപാടാണ് ഇരുവരും തമ്മിൽ നടന്നിരിക്കുന്നത്. 2019 ഡിസംബർ 20ന് ഇവർ നൽകിയ പണം അന്ന് തന്നെ ജോസഫ് ജോർജിൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റായിട്ടുണ്ട്. 5,40,000 രൂപയാണ് ക്രെഡിറ്റായത്.
വിനോയ് തോമസിൻ്റെ കഥയിൽ എസ് ഹരീഷ് തിരക്കഥയൊരുക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമയാണ് ചുരുളി. ജോജുവിനൊപ്പം ചെമ്പൻ ജോസ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചത്.