Lokesh Kanakaraj: വെറുതെയല്ല! ഓരോ വീഡിയോയിലും വ്യത്യസ്ത ലുക്കിൽ ലോകേഷ്; വമ്പൻ സർപ്രൈസ് വരുന്നുണ്ട്
Lokesh Kanagaraj New Getup: ഓരോ പരിപാടിക്കും വ്യത്യസ്ത ലുക്കിലാണ് ലോകേഷ് പ്രത്യക്ഷപ്പെട്ടത്. ഈ ഗെറ്റപ്പ് മാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഇതിന് പിന്നിലുള്ള കാരണം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
രജനികാന്ത് നായകനായെത്തുന്ന ‘കൂലി’ ഓഗസ്റ്റ് 14ന് റിലീസിന് ഒരുങ്ങവെ പ്രമോഷൻ പരിപാടികൾ നല്ല രീതിയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് ഉൾപ്പടെ വല്യ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ, ഇതിനിടയിലും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത് സംവിധായകൻ ലോകേഷ് കനകരാജാണ്.
ഓരോ പരിപാടിക്കും വ്യത്യസ്ത ലുക്കിലാണ് ലോകേഷ് പ്രത്യക്ഷപ്പെട്ടത്. ആദ്യം താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിൽ എത്തിയ ലോകേഷ് അടുത്ത പരിപാടിക്ക് മീശ മാത്രം വെച്ചും, പിന്നീട് ക്ലീൻ ഷേവ് ലുക്കിലുമെല്ലാമാണ് എത്തിയത്. ഈ ഗെറ്റപ്പ് മാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഇതിന് പിന്നിലുള്ള കാരണം താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
സംവിധാനത്തിൽ നിന്ന് അഭിനയേത്തിലേക്ക് കടക്കുകയാണ് ലോകേഷ് കനകരാജ്. ഇതിന്റെ ഭാഗമായാണ് ഗെറ്റപ്പിൽ മാറ്റം വരുത്തുന്നത്. നായകനാകുന്ന പ്രൊജക്ടിനെക്കുറിച്ചും ലോകേഷ് സംസാരിക്കുന്നുണ്ട്. അരുൺ മാതേശ്വരൻ ഇനി സംവിധാനം ചെയ്യുന്ന സിനിമയിൽ താന്നെയാണ് ഹീറോയായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് ലോകേഷ് പറഞ്ഞത്.
അരുൺ ആദ്യം ഇളയരാജയുടെ ബയോപിക്കാണ് ചെയ്യാനിരുന്നത്. എന്നാൽ, ചില കാരണങ്ങൾ കൊണ്ട് ആ പ്രോജക്റ്റ് വൈകി. അതോടെയാണ് ഈ പ്രോജക്ടിലേക്ക് എത്തിയതെന്ന് ലോകേഷ് പറയുന്നു. തന്നെ നായകനാക്കി ഒരു പ്രോജക്റ്റ് എന്ന് പറഞ്ഞപ്പോൾ ആദ്യം സംശയിച്ചിരുന്നുവെന്നും നല്ല സബ്ജക്ടായത് കൊണ്ടാണ് സമ്മതം മൂളിയതെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
ആ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്ക് തീരുമാനമായിട്ടില്ല. അതിനാൽ തന്നെ ഓരോ പ്രാവശ്യം കാണുമ്പോഴും സംവിധായകൻ പുതിയ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആ കഥാപാത്രത്തിന് ഏത് ഗെറ്റപ്പാണ് ചേരുക എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ‘കൂലി’യുടെ പ്രമോഷൻ ഉണ്ടെന്ന് പറഞ്ഞിട്ടാണ് മുടി വെട്ടാനുള്ള അനുവാദം വാങ്ങിയതെന്നും ലോകേഷ് പറഞ്ഞു.
ALSO READ: 15 മിനിറ്റിന് 20 കോടി? ‘കൂലി’യിലെ ആമിർ ഖാന്റെ പ്രതിഫലം പുറത്ത്
‘കൂലി’യുടെ റിലീസിന് ശേഷം രണ്ട് മാസം വിശ്രമിക്കും. അത് കഴിയുമ്പോഴേക്കും അരുണിന്റെ പ്രൊജക്ടറും തുടങ്ങും. നാല് മാസത്തിൽ അത് തീർത്തിട്ട് വേണം കൈതി 2വിന്റെ വർക്ക് ആരംഭിക്കാൻ. അരുണിന്റെ കൂടെയുള്ള പ്രൊജക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും എന്നും ലോകേഷ് കനകരാജ് പറഞ്ഞു.
അരുൺ മാതേശ്വരൻ ഇതുവരെ മൂന്ന് ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ‘ക്യാപ്റ്റൻ മില്ലർ’, ‘സാണി കായിധം’, ‘റോക്കി’ എന്നീ ചിത്രങ്ങളാണ് അരുൺ മാതേശ്വരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുള്ളത്. ചിത്രത്തിൽ വയലൻസ് ഉൾപ്പെടുത്തുന്നതിന് പേരുകേട്ട സംവിധായകരാണ് അരുണും ലോകേഷും. അതിനാൽ, ഇവർ ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോൾ എന്താകുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.