Lukman Avaran: ഞാൻ മമ്മൂക്ക ഫാൻസിലൊക്കെ ഉണ്ടായിരുന്നു; ഫ്ലക്സ് വെക്കാനൊക്കെ പോയിട്ടുണ്ട്: വെളിപ്പെടുത്തി ലുക്മാൻ അവറാൻ
Lukman Avaran- Mammootty: താൻ മമ്മൂട്ടി ഫാൻസ് അസോസിയേഷനിൽ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി നടൻ ലുക്മാൻ അവറാൻ. മമ്മൂട്ടിയ്ക്കൊപ്പം ഉണ്ട എന്ന സിനിമയിൽ അഭിനയിച്ചത് തൻ്റെ സിനിമാ കരിയറിൽ വഴിത്തിരിവായെന്നും അദ്ദേഹം പറഞ്ഞു.
താൻ മമ്മൂട്ടി ഫാൻസ് അസോസിയേഷനിൽ ഉണ്ടായിരുന്നു എന്ന് നടൻ ലുക്മാൻ അവറാൻ. പലയിടത്തും മമ്മൂട്ടിയുടെ ഫ്ലക്സ് വെക്കാൻ പോയിട്ടുണ്ടെന്നും ഇതൊക്കെ താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ലുക്മാൻ പറഞ്ഞു. മമ്മൂട്ടിയ്ക്കൊപ്പം ഉണ്ട എന്ന സിനിമയിൽ അഭിനയിച്ചതുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെക്കുന്നതിനിടെ റേഡിയോ മാംഗോയോടാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ.
“ഞാൻ മമ്മൂക്ക ഫാൻസിലൊക്കെ ഉണ്ടായിരുന്നു. ഞാൻ ഫ്ലക്സ് വെക്കാനൊക്കെ പോയിട്ടുണ്ട്. ഗുരുവായൂർ, ബാലകൃഷ്ണ, പൊന്നാനി അലങ്കാർ അങ്ങനെ പല സ്ഥലങ്ങളിലും. ഇതൊക്കെ ഞാൻ മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്. ഇൻ്റർവ്യൂവിലും പറഞ്ഞിട്ടുണ്ട്. മമ്മൂക്ക കുറേ ചിരിച്ചു. എന്നിട്ട് മമ്മൂക്കയ്ക്കൊപ്പം നമ്മൾ ഭയങ്കര ഇമോഷണൽ സീനൊക്കെ ചെയ്യുമ്പോൾ എനിക്കത് വിശ്വസിക്കാൻ പറ്റാതായി. കാരണം സന്തോഷം കൂടിപ്പോയിട്ട് കണ്ണീന്നൊക്കെ വെള്ളം വന്നു, ഇത് മമ്മൂക്കയുടെ അടുത്ത് പറയുമ്പോൾ. അപ്പോ മമ്മൂക്ക പറഞ്ഞു, ‘എടോ, അതൊന്നും കുഴപ്പമില്ലടോ’ എന്ന്.”- ലുക്മാൻ പറഞ്ഞു.
“നമ്മൾ ഇഷ്ടമുള്ളതിന് വേണ്ടി നമ്മൾ കുറേ ശ്രമിക്കുമ്പോൾ, കുറേ കഴിഞ്ഞിട്ട് അതിന് ഒരു റിസൽട്ട് ഇല്ലാതാവുമ്പോ, എല്ലാവരിൽ നിന്നും ചോദ്യങ്ങൾ കേട്ടുകേട്ട് നമുക്ക് സ്വയം സംശയമാവും. എനിക്കും സംശയം വന്ന് തുടങ്ങിയിരുന്നു. ഉണ്ട ഇറങ്ങിയപ്പോൾ എനിക്ക് എന്നിൽ വിശ്വാസം തോന്നിത്തുടങ്ങി. പിന്നെ മമ്മൂക്ക. മമ്മൂക്കന്ന് പറഞ്ഞ ഒരു സൂപ്പർ സ്റ്റാറിനൊപ്പമുള്ള സിനിമ. അതൊരു സിനിമയാണല്ലോ. മറ്റേതെന്നൊക്കെ പറഞ്ഞാൽ നമ്മളിങ്ങനെ ഉണ്ട് എന്നല്ലേയുള്ളൂ. മമ്മൂട്ടിയുടെ സിനിമ എന്ന് പറയുമ്പോൾ നാട്ടിലെ എല്ലാവർക്കും ഒരു സിനിമാനടനെന്നൊരു ഫീൽ വരും.”- താരം വിശദീകരിച്ചു.




2013ൽ പുറത്തിറങ്ങിയ ദയോം പന്ത്രണ്ടും എന്ന സിനിമയിലൂടെയാണ് ലുക്മാൻ അവറാൻ അഭിനയജീവിതം ആരംഭിക്കുന്നത്. പിന്നീട് കെഎൽ 10, ഗോദ, ഉദാഹരണം സുജാത, സുഡാനി ഫ്രം നൈജീരിയ തുടങ്ങി വിവിധ സിനിമകളിൽ അഭിനയിച്ച ലുക്മാൻ്റെ വഴിത്തിരിവ് 2019ൽ പുറത്തിറങ്ങിയ ഉണ്ട എന്ന സിനിമയായിരുന്നു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ഉണ്ടയിലെ പ്രകടനം ലുക്മാൻ്റെ കരിയർ മാറ്റിമറിച്ചു. പിന്നീട് ഓപ്പറേഷൻ ജാവ, ചുരുളി, സൗദി വെള്ളക്ക, തല്ലുമാല തുടങ്ങിയ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത ലുക്മാൻ 2023ൽ പുറത്തിറങ്ങിയ സുലൈഖ മൻസിൽ എന്ന സിനിമയിലൂടെ നായകനായി. കുണ്ടന്നൂരിലെ കുത്സിത ലഹള, ആലപ്പുഴ ജിംഖാന എന്നീ സിനിമകളാണ് ലുക്മാൻ്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.