M Jayachandran: ‘കള്ളത്തരം പറയുന്നതിന് ഡോക്ടറേറ്റ് ഉണ്ടെങ്കില്‍ രാജീവ് ആലുങ്കലിന് കൊടുക്കണം’; ആഞ്ഞടിച്ച് എം ജയചന്ദ്രന്‍
M Jayachandran against Rajeev Alunkal: സ്വന്തമായി എന്തെങ്കിലും പറയാന്‍ കള്ളത്തരങ്ങള്‍ വിളമ്പുന്നത് അത് ഒരാളെ ഇന്ന് അല്ലെങ്കില്‍ നാളെ തിരിച്ചറിയിക്കും. രാജീവ് ആലുങ്കലില്‍ നിന്ന് താന്‍ ഇത് പ്രതീക്ഷിച്ചതല്ല. ഇതുവരെയും ഇതിനെക്കുറിച്ച് എവിടെയും താന്‍ ഇത് പറഞ്ഞിട്ടില്ലെന്ന് എം ജയചന്ദ്രന്‍

എം ജയചന്ദ്രന്‍, രാജീവ് ആലുങ്കല്‍
വിവിധ സിനിമകളില്‍ പാട്ട് എഴുതാന്‍ വന്ന ബിയാര്‍ പ്രസാദിനെ താന്‍ നിഷ്‌കരുണം പറഞ്ഞയച്ചെന്ന ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ രംഗത്ത്. കള്ളത്തരം പറയുന്നതിന് ഡോക്ടറേറ്റ് ഉണ്ടെങ്കില്‍ അത് രാജീവ് ആലുങ്കലിന് കൊടുക്കണമെന്ന് ജയചന്ദ്രന്‍ തുറന്നടിച്ചു. ഏതാനും വര്‍ഷം മുമ്പ് രാജീവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ‘കാന്‍ചാനല്‍ മീഡിയ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജയചന്ദ്രന്‍ മറുപടി നല്‍കിയത്. ബിയാര്‍ പ്രസാദുമായിട്ട് ഒരിക്കല്‍ പോലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടില്ലെന്നും, അദ്ദേഹത്തോട് ഇഷ്ടമില്ലാതെ സംസാരിക്കേണ്ടിയും വന്നിട്ടില്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.
”രണ്ട് സിനിമകളിലാണ് ബിയാര്‍ പ്രസാദേട്ടന്റെ പേര് എന്നോട് പറഞ്ഞിട്ടുള്ളത്. ആ രണ്ട് സിനിമകളിലും അദ്ദേഹം തന്നെയാണ് പാട്ട് എഴുതിയതും. ഒരു സിനിമയില്‍ അദ്ദേഹം പാട്ട് എഴുതാനായി വന്നു. എന്നാല്‍ രണ്ട് മൂന്ന് ദിവസം ട്രൈ ചെയ്തിട്ട് താനിത് ചെയ്യുന്നില്ല എന്ന് അദ്ദേഹം എന്നോട് പറയുകയായിരുന്നു. ചെയ്തിട്ട് ശരിയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രൈ ചെയ്യാം, ഞാന്‍ കൂടെയുണ്ടല്ലോ എന്ന് പ്രസാദേട്ടനോട് പറഞ്ഞതാണ്”-എം ജയചന്ദ്രന്‍ പറഞ്ഞു.
രാജീവിന്റെ യാത്ര എടുത്തുനോക്കിയാല്‍, അദ്ദേഹം ഏറ്റവും കൂടുതല്‍ വര്‍ക്ക് ചെയ്തിട്ടുള്ള സംഗീത സംവിധായകന്‍ താനാണ്. എപ്പോള്‍ കണ്ടാലും ചേട്ടാ എന്ന് പറഞ്ഞ് തന്റെ കാലില്‍ വന്ന് നമസ്‌കരിക്കുന്നയാളാണ്. അതാണ് രാജീവ് ആലുങ്കല്‍. അയാള്‍ ഇങ്ങനെ പല കാര്യങ്ങളും ഒരു പ്രസംഗത്തില്‍ പറഞ്ഞു. ഒരു അനിയന്‍ ചേട്ടനോട് ചെയ്യാവുന്ന ഏറ്റവും വലിയ തെറ്റാണ് അതെന്നാണ് തനിക്ക് തോന്നിയതെന്നും ജയചന്ദ്രന്‍ തുറന്നടിച്ചു.
സ്വന്തമായി എന്തെങ്കിലും പറയാന്‍ കള്ളത്തരങ്ങള്‍ വിളമ്പുന്നത് അത് ഒരാളെ ഇന്ന് അല്ലെങ്കില്‍ നാളെ തിരിച്ചറിയിക്കും. രാജീവ് ആലുങ്കലില്‍ നിന്ന് താന്‍ ഇത് പ്രതീക്ഷിച്ചതല്ല. ഇതുവരെയും ഇതിനെക്കുറിച്ച് എവിടെയും താന്‍ ഇത് പറഞ്ഞിട്ടില്ല. പല ആള്‍ക്കാരും പല കാര്യങ്ങളും പറയും. പക്ഷേ, താന്‍ ഇത് ചെയ്തിട്ടുണ്ടെന്നാണ് പുറത്തുള്ളവര്‍ ചിന്തിക്കുന്നത്. രാജീവ് പറഞ്ഞിട്ടുള്ള ഒരു കാര്യവും താന്‍ ചെയ്തിട്ടില്ല. മലയാള സിനിമയില്‍ ആര് പാട്ട് എഴുതണമെന്ന് തീരുമാനിക്കുന്നത് ഒരു എം ജയചന്ദ്രന്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.
വയലാര്‍ ശരത് ചന്ദ്രവര്‍മയുടെ അവസരങ്ങളും താന്‍ കളഞ്ഞെന്നാണ് അദ്ദേഹം പറഞ്ഞത്. വയലാര്‍ ശരത്തേട്ടനെ വിളിച്ചിരുന്നു. എപ്പോഴാണ് ചേട്ടന്റെ അവസരങ്ങള്‍ കളഞ്ഞതെന്ന് ചോദിച്ചപ്പോള്‍, അത് വിട്ടേക്ക് കുട്ടാ എന്നും, രാജീവ് പലതും പല സമയങ്ങളിലും പറയുമെന്നും അദ്ദേഹം മറുപടി നല്‍കി. ഇതിലൊന്നും സത്യമല്ല. മൊത്തം കള്ളത്തരമാണ്. ശ്രീകുമാരന്‍ തമ്പി സാറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അതൊക്കെ കള്ളമാണെന്ന് തമ്പി സാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി എന്നൊക്കെ പറയുന്നത് കേട്ടാല്‍ രാജീവ് മടിയിരുത്തി പേരിട്ടതാണെന്ന് തോന്നും. അതൊന്നും ശരിയല്ല. രാജീവ് ഇങ്ങനെയല്ലായിരുന്നു. എന്തുപറ്റിയെന്ന് രാജീവ് ആലോചിച്ച് അതിന് എന്തെങ്കിലും ട്രീറ്റ്‌മെന്റ് നടത്തണമെന്നും ജയചന്ദ്രന്‍ പറഞ്ഞു.
ബിയാര്‍ പ്രസാദിനെ വളരാന്‍ അനുവദിക്കാത്ത ഈഗോയുള്ള ആള്‍ക്കാര്‍ ഇവിടെയുണ്ടെന്നത് താന്‍ അനുഭവിച്ച കാര്യമാണെന്നായിരുന്നു ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ രാജീവ് ആലുങ്കല്‍ പറഞ്ഞത്. അതില്‍ ഒന്നാമത്തെയാള്‍ എം ജയചന്ദ്രനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 20 പടത്തില്‍ പാട്ട് എഴുതാന്‍ വന്നപ്പോള്‍ അദ്ദേഹത്തെ നിഷ്‌കരുണം പറഞ്ഞയച്ച ഒരാളുടെ പേരാണ് എം ജയചന്ദ്രന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മ്മയെ പന്ത്രണ്ടോളം സിനിമകളില്‍ നിന്ന് അദ്ദേഹം പറഞ്ഞയച്ചിട്ടുണ്ട്. ഫൈറ്റ് ചെയ്ത് നില്‍ക്കാന്‍ ബിയാറിന് വശമില്ലായിരുന്നു. അദ്ദേഹത്തിന് സ്വപ്‌നങ്ങളില്ലായിരുന്നുവെന്നും രാജീവ് പറഞ്ഞിരുന്നു.