Drishyam 3: ‘ഒരു കാർ ഷെഡ് അധികം പണിതു; വാഴ നട്ടു’; ദൃശ്യം’ മൂന്നിനായി ‘ജോർജുകുട്ടി’-യുടെ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ
Drishyam 3 Shooting Location: ഇത്തവണയും സംവിധായകൻ ജീത്തു തന്നെയാണ് വീട് ചോദിക്കാൻ എത്തിയതെന്നും അതിനു ശേഷം ടീമിലുള്ളവർ എത്തി വീടിനു വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും ജോസഫ് പറയുന്നു.

Drishyam 3
സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈയിടെയാണ് പൂർത്തിയായത്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ദൃശ്യം ഒന്നിലും രണ്ടിലും കഥാപാത്രങ്ങളെ പോലെ ജോർജുകുട്ടിയുടെ വീടും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതുകൊണ്ട് തന്നെ ദൃശ്യം മൂന്ന് എത്തുമ്പോഴും ഈ വീടിന് ഏറെ പ്രാധാന്യമാണുള്ളത്. തൊടുപുഴ വഴിത്തല എന്ന ഗ്രാമത്തിലാണ് ‘ജോർജുകുട്ടിയുടെ’ വീടും തോട്ടവും സ്ഥിതി ചെയ്യുന്നത്. മടത്തിൽപറമ്പിൽ എം.കെ.ജോസഫാണ് വീടിന്റെ യഥാർത്ഥ ഉടമ. ദൃശ്യം മൂന്നിന്റെ ഷൂട്ടും ഈ വീട്ടിൽ തന്നെയാണ് നടന്നത്. ഇപ്പോഴിതാ ചിത്രത്തിനായി വീട്ടിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് എം.കെ.ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മനോരമ ഓൺലൈനോടായിരുന്നു പ്രതികരണം.
മൂന്നാമത്തെ ദൃശ്യത്തിനായി ഒരു കാർ ഷെഡ് അധികം പണിതുവെന്നും പറമ്പിൽ കുലയ്ക്കാറായ ഒരു ഡസനോളം വാഴ ജെസിബി ഉപയോഗിച്ച് നട്ടുവെന്നുമാണ് ജോസഫ് പറയുന്നത്. ഗേറ്റ് മുതൽ വീടിന്റെ ഉമ്മറം വരെ പെയ്ന്റ് ചെയ്തു. 13 ദിവസത്തെ ഷൂട്ടിങ്ങായിരുന്നു ഇത്തവണ വീട്ടിൽ ഷെഡ്യൂൾ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പതിവ് പോലെ ഇത്തവണയും സംവിധായകൻ ജീത്തു തന്നെയാണ് വീട് ചോദിക്കാൻ എത്തിയതെന്നും അതിനു ശേഷം ടീമിലുള്ളവർ എത്തി വീടിനു വേണ്ട മാറ്റങ്ങൾ വരുത്തുമെന്നും ജോസഫ് പറയുന്നു.
വീടിന്റെ മുറ്റത്തും പറമ്പിലും അകത്തെ മുറികളിലും ഷൂട്ടിങ് ഉണ്ടായിരുന്നു. തിണ്ണയുടെ സമീപത്തുള്ള മുറികളിലാണ് ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മോഹൻലാൽ വിശ്രമിക്കുക. ഷൂട്ടിങിന്റെ സമയത്ത് ജോസഫും കുടുംബവും ആ വീട്ടിലെ ഒരു മുറിയിലാണ് താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലമാണ് ഷൂട്ടിങിന് വിട്ടുകൊടുക്കും. ഇവർക്കുള്ള ഭക്ഷണം ഫിലിം ടീമിന്റെ കന്റീനിൽനിന്ന് എത്തിക്കും.