Major Ravi Script Controversy: മേജർ രവിയുടേതല്ല! കർമ്മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചതെന്ന് കോടതി, 30 ലക്ഷം നഷ്ടപരിഹാരം നൽകണം
Major Ravi Script Controversy: കഥ തന്റേതാണെന്നായിരുന്നു മേജർ രവിയുടെ വാദം. സിനിമ രചയിതാക്കളായ പലരോടും ചർച്ച ചെയ്ത കൂട്ടത്തിൽ...

Major Ravi
നടൻ മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് കർമ്മയോദ്ധ. ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട നിയമ തർക്കത്തിൽ ഇപ്പോൾ മേജർ രവിക്ക് വൻ തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ മേജർ രവി അല്ലെന്നും റെജി മാത്യുവിന്റെതാണെന്നും കോട്ടയം കമ്മീഷൻ കോടതി വിധിച്ചു. പരാതിക്കാരൻ ആയ റെജി മാത്യുവിന് 30 ലക്ഷം രൂപയും സിനിമയുടെ പകർപ്പാവകാശവും നൽകണമെന്നും കോടതി ഉത്തരവിട്ടു. തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതി കൂടാതെയാണ് സിനിമയാക്കിയത് എന്നായിരുന്നു റെജീ മാത്യു നൽകിയ പരാതി.കോട്ടയം കമേർഷ്യൽ കോടതി ജഡ്ജി മനീഷ് ഡി.എയാണ് വിധി പ്രസ്താവിച്ചത്.
13 വർഷക്കാലം നീണ്ട നിയമ നടപടികൾക്ക് ശേഷമാണ് തിരക്കഥ എഴുതിയ റെജി മാത്യുവിന് അനുകൂലമായി കഴിഞ്ഞ ദിവസം വിധി വന്നിരിക്കുന്നത്. 2012 ലാണ് സിനിമ റിലീസ് ചെയ്തത്. കർമ്മയോദ്ധയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് റിലീസിന്റെ ഒരു മാസം മുമ്പ് തന്നെ റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്ന് 5 ലക്ഷം രൂപ കെട്ടിവച്ച ശേഷം സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി വിധിച്ചത്. കഥ, തിരക്കഥ,സംഭാഷണം എന്നിവ സംബന്ധിച്ച തർക്കമുണ്ട് എന്ന് രേഖപ്പെടുത്തിക്കൊണ്ട് സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്.
എന്നാൽ ഷാജി സുമേഷ് എന്നിവരുടെ പേര് തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ചേർത്താണ് അന്ന് സിനിമ റിലീസ് ചെയ്തത്. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് റെജി മാത്യു കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. 40 ലക്ഷം രൂപ നഷ്ടപരിഹാരത്തിനൊപ്പം തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസിൽ സംവിധായകനായ മേജർ രവിയാണ് ഒന്നാം പ്രതി. കഥ തന്റേതാണെന്നായിരുന്നു മേജർ രവിയുടെ വാദം. സിനിമ രചയിതാക്കളായ പലരോടും ചർച്ച ചെയ്ത കൂട്ടത്തിൽ റെജി മാത്യുവിനോടും കഥ പറഞ്ഞതാണ് എന്നും മേജർ രവി വാദിച്ചു.