ഉണ്ണി മുകുന്ദൻ്റെ മാളികപ്പുറത്തിന് 100 കോടി കിട്ടിയില്ല’; യഥാർത്ഥ കളക്ഷൻ വെളിപ്പെടുത്തി നിർമ്മാതാവ്
Malikappuram Box Office Collection: ഇത്തരത്തിലുള്ള പോസ്റ്റർ ഇട്ടാൽ മാത്രമേ ജനങ്ങള്‍ കയറുകയുള്ളൂ എന്നായിരുന്നു പലരും പറഞ്ഞത്. അങ്ങനെയാണ് 135 കോടി എന്ന പോസ്റ്ററൊക്കെ ഇടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമ മേഖലയിൽ വലിയ വിവാദങ്ങളാണ് അരങ്ങേറുന്നത്. 100 കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറു പ്രഹസനം മാത്രമെന്ന നിർമാതാവ് സുരേഷ് കുമാറിന്റെ വാക്കുകളാണ് പിന്നീട് വലിയ രീതിയിലുള്ള ചർച്ചയ്ക്ക് വഴിവച്ചത്.കള്ളക്കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും സിനിമയുടെ യഥാർത്ഥ കളക്ഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ സുരേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ ശരിവെക്കുകയാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി.
വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ 100 കോടി ക്ലബ് ചിത്രം എന്ന നിലയിൽ ചിത്രം വളരെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോഴിതാ മാളികപ്പുറം 100 കോചി രൂപ കളക്ഷൻ നേടിയിട്ടില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി.ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തൽ.
Also Read:‘അഹാനയല്ലേ ഇത്; ഈ ഒളിച്ചുകളി അവസാനിപ്പിക്ക്’! നിമിഷിന്റെ പോസ്റ്റ് ചർച്ചയാകുന്നു
മാളികപ്പുറം 100 കോടി കളക്ട് ചെയ്തിരുന്നില്ല. ആകെ 75 കോടി മാത്രമാണ് നേടിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സാറ്റലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേർത്തായിരുന്നു 75 കോടി. എന്നാൽ, 2018 ചിത്രത്തിന്റെ 200 കോടി പോസ്റ്റർ സത്യമായിരുന്നു. ആ ചിത്രം തിയേറ്ററിൽ നിന്നും 170 കോടിയോളം കളക്ട് ചെയ്തിരുന്നു. ബാക്കി ഒ.ടി.ടി, സാറ്റ്‌ലൈറ്റ് എല്ലാം ചേർത്ത് 200 കോടിയുടെ ബിസിനസ് നേടിയെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.
മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ ചിത്രം മമ്മൂട്ടി നായകനായി ഇറങ്ങിയ മാമാങ്കവും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ രണ്ട് ദിവസം ഭയങ്കര കളക്ഷനായിരുന്നു. എന്നാൽ പിന്നീട് നേരെ താഴോട്ട് പോയി. പക്ഷെ കേക്ക് കട്ട് ചെയ്യാം പോസ്റ്റർ ഇറക്കാം എന്നൊക്കെ ചിലർ പറഞ്ഞു. പരിചയക്കുറവിന്റെ പ്രശ്നം ഉണ്ടെന്നും നിർമാതാവ് പറഞ്ഞു. ഇത്തരത്തിലുള്ള പോസ്റ്റർ ഇട്ടാൽ മാത്രമേ ജനങ്ങള്‍ കയറുകയുള്ളൂ എന്നായിരുന്നു പലരും പറഞ്ഞത്. അങ്ങനെയാണ് 135 കോടി എന്ന പോസ്റ്ററൊക്കെ ഇടുന്നതെന്നും അദ്ദേഹം പറഞ്ഞു.