Mamitha Baiju: ‘മോർഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുമ്പോൾ എന്ത് സന്തോഷമാണ് കിട്ടുന്നതെന്ന് മനസിലാകുന്നില്ല’; മമിത ബൈജു
Mamitha Baiju Reacts to Morphed Images: സോഷ്യൽ മീഡിയ നൽകുന്ന സാധ്യതകൾ വളരെ വലുതാണെങ്കിലും സൈബറിടത്തെ മനോരോഗികളുടെ പ്രവർത്തികൾ വിഷമിപ്പിക്കാറുണ്ടെന്ന് മമിത പറയുന്നു.
ചുരുക്കം സിനിമകൾ കൊണ്ട് തന്നെ പ്രേക്ഷരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്കെത്തിയ മമിതാ, കഴിഞ്ഞ വർഷം റിലീസായ ‘പ്രേമലു’ എന്ന ഹിറ്റ് ചിത്രത്തിലൂടെ തിരക്കേറിയ യുവനടിമാരിൽ ഒരാളായി മാറിക്കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴിലും മമിത തിരക്കിലാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി.
സോഷ്യൽ മീഡിയ നൽകുന്ന സാധ്യതകൾ വളരെ വലുതാണെങ്കിലും സൈബറിടത്തെ മനോരോഗികളുടെ പ്രവർത്തികൾ വിഷമിപ്പിക്കാറുണ്ടെന്ന് മമിത പറയുന്നു. വളരെ നോർമലായ ചിത്രങ്ങൾ പോലും മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ അവർക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും നടി പറയുന്നു. എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും ചിലത് മുന്നിൽ വന്ന് പെടുമെന്നും ഇപ്പോൾ അത്ര വലിയ കാര്യമാക്കാറില്ല എന്നും മമിത കൂട്ടിച്ചേർത്തു.
സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ അല്പം കൂടി ബോൾഡ് ആയി നിൽക്കണമെന്നും നടി പറയുന്നു. എങ്കിലും ചില ചിത്രങ്ങളും എഐ വിഡിയോകളും കുഴപ്പിക്കാറുണ്ടെന്നും, ഏതാണ് ഒറിജിനൽ ഏതാണ് എഐ എന്ന് കണ്ടെത്താൻ പ്രയാസമാണെന്നും മമിത പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
അതേസമയം, കരിയറിലെ നേട്ടങ്ങളെ കുറിച്ചും അഭിമുഖത്തിൽ മമിത സംസാരിക്കുന്നുണ്ട്. ചെയ്യുന്ന എല്ലാ പ്രവർത്തികളും നൂറ് ശതമാനം ആത്മാർത്ഥതയോടെ ചെയ്യാറുണ്ടെന്നും ഓരോ നേട്ടങ്ങൾക്കും പ്രോത്സാഹനം എന്ന രീതിയിൽ തനിക്ക് സ്വയം കൊച്ചുകൊച്ചു സമ്മാനങ്ങൾ നൽകാറുണ്ടെന്നും നടി പറഞ്ഞു. തന്നെ സന്തോഷിക്കുന്നത് തന്റെ ഉത്തരവാദിത്വമാണെന്നും മമിത കൂട്ടിച്ചേർത്തു.
അത്ര വലിയ ഉയരത്തിൽ എത്തി എന്ന് കരുതരായിട്ടില്ല എന്നും നടി പറയുന്നു. മുൻ സിനിമകൾ നൽകുന്ന ആത്മവിശ്വാസവുമായി ഒരു സെറ്റിലേക്കും പോകാറില്ല. ഓരോ സംവിധായകനും വേണ്ടത് വ്യത്യസ്ത കാര്യങ്ങളായിരിക്കും. പ്രായവും അനുഭവങ്ങളും സമ്മാനിക്കുന്ന തിരിച്ചറിവുകൾ വലുതാണ്. വ്യക്തി എന്ന നിലയിൽ ആത്മവിശ്വാസം കൂട്ടാൻ ഇത് സഹായിച്ചിട്ടുണ്ടെന്നും മമിത പറഞ്ഞു.