Mammootty: ‘സാറേ… ഒരുകാല് മുറിച്ചുമാറ്റി; പേടിക്കേണ്ട, പരിഹാരം ചെയ്യാം’; സന്ധ്യക്ക് കൃതൃമക്കാൽ നൽകുമെന്ന് ഉറപ്പ് നൽകി മമ്മൂട്ടി
Mammootty Support to Adimaly Landslide Victim: തനിക്കൊരു കാൽ നഷ്ടമായെന്ന് സന്ധ്യ വാക്കുകളിടറി പറഞ്ഞപ്പോൾ പേടിക്കേണ്ട, പരിഹാരം ചെയ്യാമെന്നാണ് മമ്മൂട്ടി പറഞ്ഞത്.

Mammootty
അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ സന്ധ്യയ്ക്ക് താങ്ങായി നടൻ മമ്മൂട്ടി. മണ്ണിടിച്ചിലിൽ സന്ധ്യയുടെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചുമാറ്റേണ്ടി വന്നിരുന്നു. ഇതോടെയാണ് സാമ്പത്തിക സഹായത്തിനായി മമ്മൂട്ടിയെ ബന്ധപ്പെട്ടത്. തുടർന്ന് കൃത്രിമക്കാൽ നൽകാമെന്ന് വാക്ക് നൽകുകയായിരുന്നു.
കഴിഞ്ഞ ഒന്നരമാസത്തോളമായി ചികിത്സയിൽ കഴിയുകയായിരുന്ന സന്ധ്യ ഇന്ന് രാജഗിരി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ഇതിനു തൊട്ടുമുൻപാണ് സന്ധ്യയെ തേടി മമ്മൂട്ടിയുടെ കരുതൽ എത്തിയത്. വീഡിയോ കോളിൽ മമ്മൂട്ടിയുമായി സംസാരിക്കുകയും ചെയ്തു. തനിക്കൊരു കാൽ നഷ്ടമായെന്ന് സന്ധ്യ വാക്കുകളിടറി പറഞ്ഞപ്പോൾ പേടിക്കേണ്ട, പരിഹാരം ചെയ്യാമെന്നാണ് മമ്മൂട്ടി പറഞ്ഞത്.
Also Read:ആ അയ്യപ്പഗാനം എംജി പാടിയത് ജലദോഷം ബാധിച്ചിരിക്കെ; നിർബന്ധിച്ചത് വിദ്യാസാഗർ
ആശുപത്രിയിൽ നിന്ന് പോകുന്നതിനു മുൻപ് മമ്മൂട്ടിയോട് സംസാരിക്കണമെന്ന് സന്ധ്യ ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് താരം വീഡിയോ കോൾ ചെയ്തത്. സന്ധ്യയുടെ സുഖവിവരം അന്വേഷിച്ചാണ് മമ്മൂട്ടി സംസാരിച്ചുതുടങ്ങിയത്. സംസാരിക്കുന്നതിനിടെ ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്നു എന്ന വിവരം സന്ധ്യ മമ്മൂട്ടിയെ അറിയിക്കുകയായിരുന്നു. “വിഷമിക്കണ്ട, പറ്റുന്ന പരിഹാരം ചെയ്യാം” എന്നു പറഞ്ഞ് മമ്മൂട്ടി സന്ധ്യയെ ആശ്വസിപ്പിച്ചു. ‘കാലിന് വേദനയുണ്ടെങ്കിലും കുറഞ്ഞുവരുന്നുണ്ട് സാറേ’ എന്ന് സന്ധ്യ മമ്മൂട്ടിയോട് പറഞ്ഞു. ‘വിഷമിക്കേണ്ട, പറ്റുന്ന പരിഹാരം ചെയ്യാം. സമയമാകുമ്പോൾ അവർ കാലു വേറെ വെച്ചു തരും കേട്ടോ, നമുക്ക് നോക്കാം’ എന്നു പറഞ്ഞ് മമ്മൂട്ടി സന്ധ്യയെ ആശ്വസിപ്പിച്ചു. വീടുനുള്ള അപേക്ഷ നൽകിയിട്ടുണ്ടോ എന്ന് മമ്മൂട്ടി അന്വേഷിച്ചപ്പോൾ ‘അതൊന്നും ഇല്ല സാറേ, അറിവായിട്ടില്ല’ എന്നാണ് സന്ധ്യ പറഞ്ഞത്. ഇതിനു പിന്നാലെ പഞ്ചായത്ത് ഏതാണെന്നും താരം അന്വേഷിക്കുന്നുണ്ട്.
അതേസമയം ഒക്ടോബർ 28നാണ് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലിൽ സന്ധ്യയുടെ വീട് പൂർണമായും നശിച്ചത്. ദുരന്തത്തിൽ ഭർത്താവ് ബിജു മരിച്ചിരുന്നു. തകർന്ന വീട്ടിൽ മണിക്കൂറുകളോളമാണ് സന്ധ്യ കുടുങ്ങിക്കിടന്നത്. രാജഗിരി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണ്ണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.