Patriot: മോഹൻലാൽ-മമ്മൂട്ടി ചിത്രം ‘പേട്രിയറ്റ്’; ടീസർ ഉടൻ പുറത്തിറങ്ങുമോ?
Mammootty-Mohanlal Film 'Patriot' Teaser : ഏകദേശം 80 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്.

Mammootty And Mohanlal
കൊച്ചി: മലയാള സിനിമയിലെ രണ്ട് ഇതിഹാസ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ആണ് ഇപ്പോൾ ചർച്ചാവിഷയം. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു വലിയ ബജറ്റിൽ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ മുൻനിര താരങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.
ചിത്രത്തിന്റെ ടീസർ ഒക്ടോബർ ആദ്യവാരം പുറത്തിറങ്ങുമെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. ചിത്രീകരണത്തിന്റെ 70 ശതമാനം പൂർത്തിയായിക്കഴിഞ്ഞെന്നും, ബാക്കി ഭാഗങ്ങൾ യുകെയിലും കേരളത്തിലുമായി ചിത്രീകരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മോഹൻലാലിന് ഇനി 20 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്.
ഏകദേശം 80 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. മഹേഷ് നാരായണൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാണം സി.ആർ. സലിം, സുഭാഷ് ജോർജ് എന്നിവരാണ്. ശ്രീലങ്ക, അബുദാബി, അസർബൈജാൻ, തായ്‌ലൻഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.