AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vallyettan Re-Release: അറയ്ക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; ‘വല്യേട്ടൻ’ ഇനി 4-കെ ദൃശ്യ മികവിൽ, റിലീസ് ഉടൻ

Vallyettan Movie Re-Release: മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടും ഡോൾബി ശബ്ദ സാങ്കേതിക വിദ്യയോടും ചിത്രം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്.

Vallyettan Re-Release: അറയ്ക്കൽ മാധവനുണ്ണി വീണ്ടും വരുന്നു; ‘വല്യേട്ടൻ’ ഇനി 4-കെ ദൃശ്യ മികവിൽ, റിലീസ് ഉടൻ
'വല്യേട്ടൻ' പോസ്റ്റർ (Image Credits: Social Media)
Nandha Das
Nandha Das | Updated On: 27 Nov 2024 | 05:38 PM

വല്യേട്ടൻ സിനിമ വീണ്ടും വരുന്നുവെന്ന് അറിയിച്ച് നടൻ മമ്മൂട്ടി. സിനിമയുടെ രണ്ടാം വരവോട് അനുബന്ധിച്ച് മമ്മൂട്ടി കമ്പനി ഒഫീഷ്യൽ പേജിലൂടെ ഒരു വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. “വല്യേട്ടൻ എന്ന ചിത്രം റിലീസായപ്പോൾ ഒരുപാട് പേർ തീയറ്ററിൽ പോയും, ധാരാളം പേർ ടിവിയിലും കണ്ടിട്ടുണ്ട്. എന്നാൽ, അതിനേക്കാൾ കൂടുതൽ ഭംഗിയോട് കൂടി, ശബ്ദ-ദൃശ്യ മികവോടെ ഫോർകെ അറ്റ്മോസിൽ വീണ്ടും വല്യേട്ടൻ നിങ്ങളെ കാണാൻ എത്തുകയാണ് ഈ നവംബർ 29-ന്” എന്നാണ് മമ്മൂട്ടി വീഡിയോയിൽ പറഞ്ഞത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രങ്ങളിൽ ഒന്നാണ് ‘വല്യേട്ടൻ’. ചിത്രത്തിലെ മമ്മൂട്ടിയുടെ അറയ്ക്കൽ മാധവൻ എന്ന കഥാപാത്രം മലയാളികളുടെ മനസിൽ എന്നും തങ്ങി നിൽക്കുന്ന ഒന്നാണ്. അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കര നിർമ്മിച്ച ചിത്രമാണ് 24 വർഷങ്ങൾക്ക് ശേഷം പുത്തൻ സാങ്കേതിക മികവോടെ വീണ്ടും തീയറ്ററുകളിൽ എത്തുന്നത്. മാറ്റിനി നൗ ആണ് 4കെ ദൃശ്യമികവോടും ഡോൾബി ശബ്ദ സാങ്കേതിക വിദ്യയോടും ചിത്രം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയിരുന്നു,. പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

2000 സെപ്റ്റംബർ പത്തിനാണ് ‘വല്യേട്ടൻ’ റിലീസ് ആകുന്നത്. ആ വർഷത്തെ ഏറ്റവും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു അത്.  രഞ്ജിത്തിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. ശോഭന, മനോജ് കെ ജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്നസെന്റ്, എൻ എഫ് വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. ലോകത്തോട് വിടപറഞ്ഞ ഒരുപാട് കലാകാരന്മാരെ വീണ്ടും തീയറ്ററുകളിൽ കാണുവാനുള്ള ഒരു അവസരം കൂടിയാണ് ഇതിലൂടെ ഒരുങ്ങുന്നത്.

ALSO READ: ദുൽഖറിൻ്റെ തുടർച്ചയായ മൂന്നാം തെലുങ്ക് ബ്ലോക്ക്ബസ്റ്റർ; ലക്കി ഭാസ്കർ ഇനി ഒടിടിയിൽ കാണാം

ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ പൊന്നിയിൻ സെൽവൻ, ബർഫി, തമാശ, ദശാവതാരം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ രവി വർമയാണ് ആണ് വല്യേട്ടന്റെ ഛായാഗ്രഹണവും നിർവഹിച്ചത്. പല ഭാഷകളിലായി ഒരുപാട് ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ രാജാമണിയാണ് ഈ ചിത്രത്തിനും പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. മോഹൻ സിതാര സംഗീതം ഒരുക്കിയപ്പോൾ വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. ചിത്രസംയോജനം നിർവഹിച്ചത് എൽ ഭൂമിനാഥ് ആണ്. ബോബനാണ് കലാസംവിധാനം.

ചിത്രം വീണ്ടും റീ-റിലീസിനൊരുങ്ങുമ്പോൾ സംഗീത സംവിധാനം റീ-മാസ്റ്റർ ചെയ്തിരിക്കുന്നത് ബെന്നി ജോൺസണാണ്. ഡോൾബി അറ്റ്മോസ് മിക്സിങ് എം ആർ രാധാകൃഷ്ണൻ കൈകാര്യം ചെയ്തപ്പോൾ, സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് ധനുഷ് നയനാരാണ്. ടീസറിന്റെയും ട്രെയ്ലറിന്റെയും എഡിറ്റിംഗ് ചെയ്തത് കാർത്തിക് ജോഗേഷാണ്. റീ-റിലീസിന്റെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് നിർവഹിക്കുന്നത് സ്റ്റോറീസ് സോഷ്യലിൽ നിന്നും ഡോ. സംഗീത ജനചന്ദ്രൻ ആണ്. ചിത്രത്തിനെ ക്രിയേറ്റിവ് മാർക്കറ്റിങ് ഏജൻസി ടിങാണ്.