Maniyanpilla Raju: ‘റോഡ്സൈഡിൽ 150 രൂപയ്ക്ക് വിൽക്കുന്ന ഷർട്ടാണ് മോഹൻലാൽ ധരിച്ചത്’; മണിയൻപിള്ള രാജു
Maniyanpilla Raju About Mohanlal costume in Chotta Mumbai: ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനായി ആദ്യം മുംബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത കോസ്റ്റ്യൂമായിരുന്നു നൽകിയതെന്ന് മണിയൻപിള്ള രാജു പറയുന്നു.
2007ൽ മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഛോട്ടാ മുംബൈ’. ചിത്രത്തിലെ മോഹൻലാലിൻറെ വസ്ത്രങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. കൊച്ചിയിലെ ഒരു സാധാരണക്കാരന്റെ വേഷത്തിൽ എത്തിയ മോഹൻലാൽ കഥാപാത്രത്തിന് ഏറെ അനുയോജ്യമായ വസ്ത്രങ്ങളായിരുന്നു അത്. ഇപ്പോഴിതാ, ഛോട്ടാ മുംബൈയിലെ മോഹൻലാലിൻറെ വസ്ത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടനും ചിത്രത്തിന്റെ നിർമാതാവുമായ മണിയൻപിള്ള രാജു.
ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ കഥാപാത്രത്തിനായി ആദ്യം മുംബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത കോസ്റ്റ്യൂമായിരുന്നു നൽകിയതെന്ന് മണിയൻപിള്ള രാജു പറയുന്നു. ആ കോസ്റ്റ്യൂമിൽ സംവിധായകൻ തൃപ്തനല്ലായിരുന്നെന്ന് തനിക്ക് മനസിലായെന്നും, എന്നാൽ ഷൂട്ട് തുടങ്ങിയത് കൊണ്ട് വീണ്ടും ഡിസൈൻ ചെയ്യാനുള്ള സമയമില്ലായിരുന്നുവെന്നും നടൻ പറഞ്ഞു. ഒടുവിൽ പെന്റാ മേനകയുടെ മുന്നിൽ 150 രൂപക്ക് വിൽക്കുന്ന കുറച്ച് ഷർട്ടുകൾ വാങ്ങി മോഹൻലാലിന് നൽകിയെന്നും, അത് സംവിധായകന് ഒരുപാട് ഇഷ്ടമായെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. മൂവീ വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഛോട്ടാ മുംബൈ സിനിമയിലെ മോഹൻലാലിന്റെ കോസ്റ്റ്യൂമിന് പിന്നിൽ ഒരു കഥയുണ്ട്. ആ കഥാപാത്രത്തിന് വേണ്ടി ആദ്യം ഡിസൈൻ ചെയ്ത കോസ്റ്റ്യൂം അതല്ലായിരുന്നു. ആദ്യം കൊണ്ടുവന്നത്മും ബൈയിൽ നിന്ന് പ്രത്യേകം ഡിസൈൻ ചെയ്ത ഷർട്ടായിരുന്നു. പക്ഷേ, ആദ്യ ദിവസം അത് ഇട്ട് ഷൂട്ട് ചെയ്തപ്പോൾ തന്നെ സംവിധായകന് ഒരു തൃപ്തി ഉണ്ടായിരുന്നില്ല. ലാലിന്റെ കഥാപാത്രം ആ കഥയിൽ ഫിറ്റാകാത്തതുപോലെ തോന്നി.
ALSO READ: ‘ആണുങ്ങൾക്കുള്ളതാണ് ജയിൽ, നെഞ്ചും വിരിച്ച് പോകും’; യൂട്യൂബർ രോഹിത്ത്
ഷൂട്ട് തുടങ്ങിത് കൊണ്ടുതന്നെ പുതിയ കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനുള്ള സമയം ഇല്ലായിരുന്നു. എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് പെന്റാ മേനകയുടെ മുന്നിൽ റോഡ് സൈഡിൽ വിൽക്കുന്ന നാലഞ്ച് ഷർട്ട് വാങ്ങി വന്നത്. അത് ലാലിന് പക്കാ മാച്ചായിരുന്നു. വേണമെങ്കിൽ അദ്ദേഹത്തിന് ബ്രാൻഡഡ് വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് പറയാമായിരുന്നു. പക്ഷേ, കഥയും കഥാപാത്രവും ഡിമാൻഡ് ചെയ്യുന്ന കാര്യമാണെങ്കിൽ പിന്നെ ലാൽ മറ്റൊന്നും നോക്കില്ല” മണിയൻപിള്ള രാജു പറഞ്ഞു.