Marco Movie: മാർക്കോ പോലുള്ള സിനിമകൾ ഇനി നിർമ്മിക്കില്ല; ചോരക്കളി നിർത്തുന്നുവെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്
Shareef Muhammed Says He Will Not Promote Violence: താൻ നിർമ്മിക്കുന്ന സിനിമകളിൽ ഇനി മുതൽ അക്രമം പ്രോത്സാഹിപ്പിക്കില്ലെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്. വയലസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നിർമ്മിച്ച സിനിമയല്ല മാർക്കോയെന്നും അദ്ദേഹം പ്രതികരിച്ചു.

മാർക്കോ പോലുള്ള സിനിമകൾ ഇനി നിർമ്മിക്കില്ലെന്ന് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്. വയലസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ നിർമ്മിച്ച സിനിമയല്ല മാർക്കോ. അത്തരം അക്രമം നിറഞ്ഞ സിനിമകൾ ഇനി നിർമ്മിക്കില്ലെന്നും ഷരീഫ് മുഹമ്മദ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷരീഫ് മുഹമ്മദിൻ്റെ പ്രതികരണം. അക്രമം അധികമായതിനാൽ ചിത്രത്തിന്റെ ടെലിവിഷൻ പ്രദർശനാനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിഷേധിച്ചിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് നിർമ്മാതാവിൻ്റെ പ്രതികരണം.
പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്ന് കരുതിയെന്ന് ഷരീഫ് മുഹമ്മദ് പറഞ്ഞു. മാർക്കോയിലെ അതിക്രൂരമായ അക്രമരംഗങ്ങൾ കഥയുടെ പൂർണതയ്ക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. അതൊരു സിനിമാറ്റിക് അനുഭവമായി കാണണം. 18+ സർട്ടിഫിക്കറ്റുള്ള സിനിമയാണ് മാർക്കോ. മാർക്കോ കാണാൻ കുട്ടികൾ ഒരു കാരണവശാലും തീയറ്ററിൽ കയറാൻ പാടില്ലായിരുന്നു. അക്രമം പ്രോത്സാഹിപ്പിക്കാനോ സമൂഹത്തിൽ അക്രമവാസന സൃഷ്ടിക്കണമെന്നോ ആഗ്രഹിച്ചുകൊണ്ട് ഒരാളും സിനിമയെടുക്കില്ല. എന്നാൽ, ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന പല സംഭവങ്ങളും ഭയപ്പെടുത്തുന്നതാണ്. സിനിമയിൽ അക്രമം ഉണ്ടെന്ന് കൃത്യമായി പറഞ്ഞാണ് മാർക്കറ്റിങ് നടത്തിയത്. ചട്ടങ്ങളും നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടാണ് സിനിമ പുറത്തിറക്കിയത്. 18 വയസിൽ താഴെയുള്ളവർ ഈ സിനിമ കാണരുതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: Marco: ‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ച് സിബിഎഫ്‍സി




മാർക്കോയിലെ അതിക്രൂര ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടി മാത്രം ഉണ്ടാക്കിയതായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന തൻ്റെ കാട്ടാളൻ എന്ന സിനിമയിലും കുറച്ചു അക്രമ സീനുകളുണ്ട്. സിനിമയെ സിനിമയായി കാണാനും ജീവിതത്തിലെ യാഥാർഥ്യം എന്തെന്ന് മനസ്സിലാക്കാനുമുള്ള ബാധ്യത നമുക്കുണ്ട്. നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടത്. സിനിമയല്ല. ഇതാണ് താൻ വിശ്വസിക്കുന്നത്. ആദ്യമായി അക്രമം കാണിക്കുന്ന സിനിമ മാർക്കോയല്ല. എന്നാൽ സമൂഹത്തെ അക്രമം സ്വാധീനിക്കുന്നുണ്ടെങ്കിൽ, ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ ഇനി അത്തരം കാര്യങ്ങൾ തൻ്റെ സിനിമയിൽ പ്രമോട്ട് ചെയ്യില്ലെന്നും ഷരീഫ് മുഹമ്മദ് പറഞ്ഞു.
യു അല്ലെങ്കിൽ യു/എ എന്ന കാറ്റഗറിയിലേക്ക് മാറ്റാൻ കഴിയുന്നതിനുമപ്പുറം അക്രമ സീനുകൾ സിനിമയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാർക്കോ സിനിമ ടെലിവിഷനിൽ പ്രദർശിപ്പിക്കാനുള്ള അനുമതി സിബിഎഫ്‍സി നിഷേധിച്ചത്. വയലൻസ് നിറഞ്ഞ കൂടുതൽ സീനുകൾ വെട്ടിമാറ്റിയതിന് ശേഷം നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാമെന്നും സിബിഎഫ്‍സി അറിയിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമകളിൽ വലിയ വിജയങ്ങളിലൊന്നായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനിയാണ് സിനിമ സംവിധാനം ചെയ്തത്.