Marco: ‘മാർക്കോ’ ടെലിവിഷനിൽ പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ച് സിബിഎഫ്‍സി
Marco Television Broadcasting Denied by CBFC: യു അല്ലെങ്കിൽ യു/എ എന്ന കാറ്റഗറിയിലേക്ക് മാറ്റാൻ കഴിയാത്തത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നാണ് വിലയിരുത്തൽ. വയലൻസ് നിറഞ്ഞ കൂടുതൽ സീനുകൾ വെട്ടിമാറ്റിയതിന് ശേഷം വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.

ബോക്സ് ഓഫീസിൽ മികച്ച വിജയം കാഴ്ചവെച്ച ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ടെലിവിഷനിലേക്ക് എത്തില്ല. ചിത്രത്തിന്റെ പ്രദർശനാനുമതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) നിഷേധിച്ചു. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷയാണ് സിബിഎഫ്‍സി നിരസിച്ചത്. റീജിയണൽ എക്‌സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സിബിഎഫ്സി അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കിൽ യു/എ എന്ന കാറ്റഗറിയിലേക്ക് മാറ്റാൻ കഴിയുന്നതിലും അപ്പുറം വയലൻസ് സിനിമയിൽ ഉണ്ട് എന്നാണ് വിലയിരുത്തൽ. വയലൻസ് നിറഞ്ഞ കൂടുതൽ സീനുകൾ വെട്ടിമാറ്റിയതിന് ശേഷം വേണമെങ്കിൽ നിർമാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം.
മലയാള സിനിമയിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു മാർക്കോ. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന ലേബലോടെ എത്തിയ മാർക്കോ ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയത്. സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയ ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്. മലയാളത്തിൽ മാത്രമല്ല മറുഭാഷകളിലും ചിത്രം വലിയ വിജയം നേടി. ചിത്രത്തിന്റെ ഹിന്ദി പതിപ്പും തെലുങ്ക് പതിപ്പും ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഒടിടിയിലും ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ ഹിറ്റും, ആദ്യത്തെ 100 കോടി ക്ലബ് ചിത്രവും കൂടിയാണ് മാർക്കോ.
ഉണ്ണി മുകുന്ദന് പുറമെ ചിത്രത്തിൽ അഭിമന്യു തിലകൻ, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ധിഖ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ജിയാ ഇറാനി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തി. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്റെ നിർമാണം. ചന്ദ്രു സെൽവരാജ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഷമീർ മുഹമ്മദാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്രൂർ ആണ്.
അതേസമയം, കേരളത്തിൽ യുവാക്കൾക്കിടയിൽ അക്രമവാസന വർധിക്കുന്നതും, ക്രിമിനൽ കേസുകളിൽ കൂടുതലും യുവാക്കൾ പ്രതികളാകുന്നതിലും സിനിമകള്‍ ചെലുത്തുന്ന സ്വാധീനം വലിയ രീതിയിൽ ചർച്ചയാവുകയാണ്. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളാണ് ദൃശ്യം, അഞ്ചാം പാതിരാ, മാർക്കോ തുടങ്ങിയവ. മാർക്കോ തീയറ്ററുകളിൽ എത്തിയ സമയത്തും ചിത്രത്തിലെ വയലന്‍സ് രംഗങ്ങൾ ഏറെ വിമർശിക്കപ്പെട്ടിരുന്നു.