Pala Suresh: മിമിക്രിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, നടന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്) അന്തരിച്ചു
Suresh Krishna aka Pala Suresh Died: മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുകരിച്ചാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സ്റ്റേജ് ഷോകളിലും, മെഗാ ഷോകളിലും പതിവ് സാന്നിധ്യമായിരുന്നു
പിറവം: നടനും മിമിക്രി കലാകാരനുമായ സുരേഷ് കൃഷ്ണ (പാലാ സുരേഷ്) അന്തരിച്ചു. 53 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പിറവത്തെ വസതിയില്‍ വച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉറക്കത്തില്‍ ഹൃദയാഘാതം ഉണ്ടായതായാണ് വിവരം. പതിവുസമയം പിന്നിട്ടിട്ടും എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ വിവരമറിയുന്നത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം രാമപുരം വെള്ളിലാപ്പിള്ളി സ്വദേശിയായ സുരേഷ് പിറവത്ത് കുടുംബസമേതം വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
മൂന്ന് പതിറ്റാണ്ടോളമായി മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുകരിച്ചാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സ്റ്റേജ് ഷോകളിലും, മെഗാ ഷോകളിലും പതിവ് സാന്നിധ്യമായിരുന്നു.
എബിസിഡി എന്ന സിനിമയിലും, ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം നര്‍മ ട്രൂപ്പ്, കൊച്ചിന്‍ രസിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാരഡി ഗാനങ്ങളിലൂടെയും ശ്രദ്ധേയനായി. എബിസിഡി എന്ന സിനിമയില്‍ പത്രപ്രവര്‍ത്തകന്റെ വേഷമാണ് അഭിനയിച്ചത്. വെട്ടത്തുകുന്നേൽ വീട്ടിൽ ബാലന്‍, ഓമന ദമ്പതിമാരുടെ മകനാണ്. ഭാര്യ: ദീപ. മക്കള്‍: ദേവനന്ദ, ദേവകൃഷ്ണ.
സുരേഷ് കൃഷ്ണയുടെ വിയോഗത്തില്‍ മിമിക്രി കലാകാരനായ കണ്ണന്‍ സാഗര്‍ അനുശോചിച്ചു. മിമിക്സ് ഗാനമേളയില്‍ സ്ട്രിങ്സ് വായിക്കാൻ കേമനായിരുന്നു സുരേഷ് കൃഷ്ണയെന്ന് കണ്ണന്‍ സാഗര്‍ പറഞ്ഞു. കളിയും ചിരിയും തമാശകളും കൂടെകൊണ്ടുനടന്ന ഇദ്ദേഹത്തെ മറക്കില്ലെന്നും കണ്ണന്‍ സാഗര്‍ പറഞ്ഞു.