Minnal Murali : ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ അന്വേഷണം തുടങ്ങാൻ വരട്ടെ; മിന്നൽ മുരളി തിരക്കഥാകൃത്തുക്കളുടെ പരാതിയിൽ സിനിമയ്ക്ക് വിലക്ക്
Minnal Murali Detective Ujjwalan : വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ സിനിമ ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ചിത്രീകരണം തടഞ്ഞ് ഹൈക്കോടതി. ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന സൂപ്പർ ഹീറോ ചിത്രത്തിൻ്റെ ചിത്രീകരണമാണ് കോടതി തടഞ്ഞത്. മിന്നൽ മുരളി തിരക്കഥാകൃത്തുക്കൾ നൽകിയ പരാതിയിലാണ് നടപടി.
ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന പുതിയ സിനിമ ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ചിത്രീകരണം തടഞ്ഞ് ഹൈക്കോടതി. ടൊവിനോ തോമസ് നായകനായ മിന്നൽ മുരളി എന്ന സിനിമയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി ചിത്രത്തിൻ്റെ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് പ്രഖ്യാപിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ രണ്ടാമത്തെ സൂപ്പർ ഹീറോ സിനിമയായിരുന്നു ഡിറ്റക്ടീവ് ഉജ്ജ്വലൻ. ഇതിൻ്റെ ചിത്രീകരണമാണ് ഹൈക്കോടതി തടഞ്ഞത്.
മിന്നൽ മുരളിയുടെ തിരക്കഥാകൃത്തുക്കളായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും സമർപ്പിച്ച പരാതിയെതുടർന്ന് എറണാകുളം ജില്ലാ കോടതിയാണ് നടപടിയെടുത്തത്. പരാതിയെ തുടർന്ന് മിന്നൽ മുരളി സിനിമയിലെ കഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെടുന്ന സിനിമകൾക്കും ഗ്രാഫിക് നോവലുകൾക്കുമൊക്കെ കോടതി വിലക്കേർപ്പെടുത്തി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഉടമ സോഫിയ പോൾ, മിന്നൽ മുരളി സ്ട്രീം ചെയ്ത നെറ്റ്ഫ്ലിക്സ് ഇന്ത്യ, ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ സംവിധായകരായ ഇന്ദ്രനീൽ ഗോപീകൃഷ്ണൻ, രാഹുൽ ജി, സ്പിരിറ്റ് മീഡിയ എന്നിവർക്ക് പകർപ്പവകാശ ലംഘനത്തിൻ്റെ പേരിൽ കോടതി നോട്ടീസയച്ചു. മിന്നൽ മുരളി കോമിക് പുറത്തിറക്കിയ അമർ ചിത്രകഥയ്ക്കും നോട്ടീസയച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ കോപ്പിറൈറ്റ് ലംഘനം പാടില്ല എന്ന് ഹൈക്കോടതി അറിയിച്ചു.
സെപ്തംബർ മൂന്നിനാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ്റെ ടീസർ പുറത്തുവന്നത്. ഈ ടീസർ മിന്നൽ മുരളിയിലെ കഥാപാത്രങ്ങൾക്കും സ്ഥലങ്ങൾക്കും റഫറൻസുകളുണ്ടായിരുന്നു. ഇതോടെയാണ് സിനിമയുടെ തിരക്കഥാകൃത്തുക്കൾ കോടതിയെ സമീപിച്ചത്.
ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത സിനിമയായിരുന്നു മിന്നൽ മുരളി. കൊവിഡ് പശ്ചാത്തലത്തിൽ നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ആഗോളാടിസ്ഥാനത്തിൽ സിനിമ ഏറെ ചർച്ചയായിരുന്നു. ടൊവിനോ തോമസ് ജൈസൺ അഥവാ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ആയി എത്തിയ ചിത്രത്തിൽ ഫെമിന ജോർജ്, ഷെല്ലി കിഷോർ, ഗുരു സോമസുന്ദരം, അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ചു. ഷാൻ റഹ്മാനും സുഷിൻ ശ്യാമും ചേർന്നാണ് സംഗീതമൊരുക്കിയത്. സമീർ താഹിർ ആയിരുന്നു ക്യാമറ.