Nayanthara : എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നയൻതാര; ഈ ബ്ലൂ ടിക്കിന് എന്ത് സുരക്ഷയെന്ന് മസ്കിനോട് ആരാധകർ…
Nayanthara reveals her x account hacked: ഈ ബ്ലൂ ടിക്കിന് എന്ത് സുരക്ഷയാണ് നിങ്ങൾ ഉറപ്പ് നൽകുന്നതെന്ന്' ചോദിക്കുന്നവരും ഇതിനൊപ്പമുണ്ട്.
ചെന്നൈ: തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി നടി നയൻതാര രംഗത്ത്.”എൻറെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യപ്പെട്ടാൽ, ദയവായി അവഗണിക്കുക” – എന്നാണ് നയൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി എക്സിലൂടെ അറിയിച്ചത്.
ഇതിനെ തുടർന്ന് എക്സിന്റെ ബ്ലൂട്ടിക്കിനെ വിമർശിച്ച് ആരാധകരും രംഗത്തെത്തി. ‘വെരിഫൈഡ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നാണ്’ ചോദ്യം ഉയർന്നിരിക്കുന്നത്. എലോൺ മസ്‌കിനെ ടാഗ് ചെയ്ത് ചിലർ ഈ ചോദ്യം ഉന്നയിച്ചു. ഈ ബ്ലൂ ടിക്കിന് എന്ത് സുരക്ഷയാണ് നിങ്ങൾ ഉറപ്പ് നൽകുന്നതെന്ന്’ ചോദിക്കുന്നവരും ഇതിനൊപ്പമുണ്ട്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ജവാന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് താരം പോസ്റ്റ് ചെയ്തതാണ് നയൻതാരയുടെ അവസാനത്തെ എക്‌സ് പോസ്റ്റ്. സെപ്റ്റംബർ 7 നായിരുന്നു ആ പോസ്റ്റ് ചെയ്തിട്ടുള്ളത്. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാനായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തത്. ചിത്രം ബോക്സോഫീസിൽ വൻ ഹിറ്റായിരുന്നു.
Account has been hacked. Please ignore any unnecessary or strange tweets being posted.
— Nayanthara✨ (@NayantharaU) September 13, 2024
അതിനിടെ ഗോട്ടിൽ നയൻതാരയെ കാസ്റ്റ് ചെയ്തിരുന്ന വിഷയവും ചർച്ചയാകുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്ത ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഈ മാസം 5 നായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിൽ വിജയ്‌യുടെ നായികയായി ആദ്യം നയൻതാരയെ കാസ്റ്റ് ചെയ്തെങ്കിലും പിന്നീട് നടി സ്‌നേഹയായിരുന്നു ആ റോൾ ചെയ്തത്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ വെങ്കട്ട് പ്രഭു തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് നയൻതാരയ്ക്ക് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലെന്നും അങ്ങനെയാണ് സ്‌നേഹയിലേക്ക് ആ റോൾ എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.