Mohanlal: ‘സാറേ ഇത് ആളുകളെ അറിയിക്കണോ എന്ന് ആന്റണി ചോദിച്ചു’; ആശിഷ് ആന്റണിയെ വേദിയിലേക്ക് ക്ഷണിച്ച് മോഹൻലാൽ
Mohanlal Invites Ashish Antony: ആശിഷ് ചിത്രത്തിന്റെ ഭാഗമായത് വളരെ യാദൃശ്ചികമായാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആശിഷിനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Mohanlal, Antony
നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി എത്തുന്ന ആദ്യ ചിത്രം ‘തുടക്കം’- ത്തിന് പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ ആരംഭം. കൊച്ചി ക്രൗൺപ്ലാസയിൽ വച്ച് നടന്ന പൂജ ചടങ്ങിൽ മോഹന്‍ലാല്‍ കുടുംബസമേതമാണ് പങ്കെടുത്തത്. ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസാണ് നിർമിക്കുന്നത്. ഇപ്പോഴിതാ പൂജ ചടങ്ങിൽ നടൻ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വിസ്മയ നായികയായി എത്തുന്ന ചിത്രത്തിൽ മറ്റൊരു താരപുത്രനും എത്തുന്നുണ്ടെന്ന നടന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നിര്‍മാതാവും താരത്തിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണിയാണ് അത്. വേദിയിൽ വച്ച് മോഹൻലാൽ ആശിഷിനെ പരിചയപ്പെടുത്തിയ ശേഷം വേദിയിലേക്ക് ക്ഷണിച്ചു. ആശിഷ് ചിത്രത്തിന്റെ ഭാഗമായത് വളരെ യാദൃശ്ചികമായാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ആശിഷിനെ മോഹന്‍ലാല്‍ വേദിയിലേക്ക് ക്ഷണിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
Also Read:വിസ്മയ ‘തുടക്കം’; വിസ്മയ മോഹൻലാലിന്റെ ആദ്യ സിനിമയ്ക്ക് തുടക്കമായി; ആശംസകളുമായി മോഹന്‍ലാല്‍
ഇതൊരു കുടുംബചിത്രമായി മാറി എന്നുള്ളതാണ് സന്തോഷമാണെന്നും മോഹൻലാൽ പറഞ്ഞു. ഇതും വളരെ ആകസ്മികമായി നടന്ന കാര്യമാണ്. ഈ സിനിമ എഴുതി വന്നപ്പോൾ ഇതിൽ ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമോ എന്ന് ചോദിച്ചു. ആശിഷ് ദുബായിലാണെന്നും വളരെ നല്ല ഒരു ഫുട്ബോൾ കളിക്കാരനാണ്, ആയോധനകാല ഒക്കെ ചെയ്യുന്ന ആളാണെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിൽ ഒരു ലീഡ് റോൾ തന്നെ ആശിഷ് ചെയ്യുന്നുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്.
ഇത് ആളുകളെ അറിയിക്കണോ എന്ന് ആന്റണി തന്നോട് ചോദിച്ചുവെന്നും താൻ തീർച്ചയായും അറിയിക്കണമെന്ന് പറഞ്ഞുവെന്നും മോഹൻലാൽ പറഞ്ഞു. ആന്റണിക്കും അതിന്റെ ഒരു അഭിമാനം ഉണ്ട്. ആശിഷിന് തന്റെ എല്ലാവിധ ആശംസകളും ഹൃദയത്തിൽ നിന്നുള്ള സ്നേഹവും അറിയിക്കുന്നുവെന്നാണ് മോഹൻലാൽ പറയുന്നത്. തന്റെ കുടുംബത്തിന്റെയും സിനിമ മേഖലയുടെയും എല്ലാ ആശംസകളും ആശിഷിന് ഉണ്ടാകുമെന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും മോഹൻലാൽ ആശംസിച്ചു.