Kannappa: മോഹൻലാൽ ചിത്രം കണ്ണപ്പയുടെ ഹാർഡ് ഡ്രൈവ് മോഷണം പോയെന്ന് റിപ്പോർട്ട്; ഡ്രൈവിലുള്ളത് സിനിമയിലെ നിർണായക രംഗങ്ങൾ
Kannappas Hard Drive Reportedly Stolen: കണ്ണപ്പ സിനിമയുടെ ഹാർഡ് ഡ്രൈവ് മോഷണം പോയെന്ന് റിപ്പോർട്ട്. സിനിമയുടെ നിർണായക വിഎഫ്എക്സ് ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡ്രൈവ് ആണ് മോഷണം പോയത്.
പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ, വിഷ്ണു മഞ്ചു തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന തെലുങ്ക് സിനിമ കണ്ണപ്പയുടെ ഹാർഡ് ഡ്രൈവ് മോഷണം പോയെന്ന് റിപ്പോർട്ട്. സിനിമയിലെ പ്രധാന രംഗങ്ങളടങ്ങിയ ഹാർഡ് ഡ്രൈവാണ് മോഷണം പോയതെന്ന് ചില തെലുങ്ക് സിനിമാ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 27നാണ് ഫാൻ്റസി – മിത്തോളജിക്കൽ സിനിമയായ കണ്ണപ്പയുടെ റിലീസ് തീരുമാനിച്ചിരുന്നത്.
മോഹൻ ബാബു നിർമ്മിക്കുന്ന കണ്ണപ്പ മുകേഷ് കുമാർ സിംഗ് ആണ് അണിയിച്ചൊരുക്കുന്നത്. സിനിമയുടെ വിഎഫ്എക്സ് ഉൾപ്പെടുന്ന നിർണായക ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡ്രൈവ് കാണാനില്ലെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുംബൈ ആസ്ഥാനമായ കമ്പനിയാണ് സിനിമയുടെ വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. ഈ കമ്പനി കണ്ണപ്പയുടെ പ്രൊഡക്ഷൻ ഓഫീസിലേക്ക് ഹാർഡ് ഡ്രൈവ് എത്തിച്ചിരുന്നു. ഓഫീസിലെ രഘു എന്നയാൾ ഈ ഹാർഡ് ഡ്രൈവ് സ്വീകരിക്കുകയും ചരിത എന്നയാൾക്ക് കൈമാറുകയും ചെയ്തു. ചരിതയെ ഇപ്പോൾ കാണാനില്ലെന്നാണ് റിപ്പോർട്ട്.
സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായ വിജയ് കുമാർ സംഭവത്തിൽ പരാതിനൽകി. ഇക്കാര്യത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സിനിമയുടെ പ്രമോഷൻ അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.
വിഷ്ണു മഞ്ചുവാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. താരം തന്നെ കണ്ണപ്പയെന്ന ടൈറ്റിൽ കഥാപാത്രമായി എത്തും. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, വിഷ്ണു മഞ്ചു എന്നിവർക്കൊപ്പം കാജൽ അഗർവാൾ, പ്രീതി മുകുന്ദൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. കിരാത എന്ന കാമിയോ റോളിലാണ് മോഹൻലാൽ അഭിനയിക്കുക. ഷെൽഡൻ ചാവുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആന്തണി എഡിറ്റിംഗും സ്റ്റീഫൻ ദേവസ്സി സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. 200 കോടി ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്.