Drishyam 3: ‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ടായിരുന്നു’; ദൃശ്യം 3 റൈറ്റ്സ് വില്‍പ്പനയില്‍ പ്രതികരണവുമായി മോഹൻലാൽ
Mohanlal Reacts to Drishyam 3 Global Rights Deal: ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തിയേറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയത്.

Drishyam 3
ലോകം മുഴുവനുള്ള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ എത്തുന്ന ‘ദൃശ്യം 3’. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ടുള്ള ചെറിയ അപ്ഡേറ്റസും വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. ഇതിനിടെയിലാണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തിയേറ്റര്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയത്.
ഇത് സംബന്ധിച്ച് പനോരമ സ്റ്റുഡിയോസ് കോര്‍പറേറ്റ് സര്‍വീസസ് വകുപ്പിന് അയച്ച കത്തും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് പനോരമ സ്റ്റുഡിയോസും അവരുടെ പങ്കാളികമായ പെന്‍ മൂവീസും. ഇക്കാര്യം പറഞ്ഞുകൊണ്ട് അവർ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹന്‍ലാല്‍, ജീത്തു ജോസഫ്, ആന്‍റണി പെരുമ്പാവൂര്‍ അടക്കമുള്ളവരുടെ വാക്കുകള്‍ ഉണ്ട്.
Also Read:കേക്ക് കട്ടിങ് ഇല്ലേ മമ്മൂക്ക! കളങ്കാവൽ വിജയാഘോഷം സെൽഫിയിൽ ഒതുക്കി?
‘ജോര്‍ജ്ജ്കുട്ടി വര്‍ഷങ്ങളായി തന്‍റെ ചിന്തകളിലും പ്രേക്ഷകരുടെ വികാരങ്ങളിലും വര്‍ഷങ്ങളായി തുടരുന്ന ആളാണെന്നാണ് മോഹൻലാൽ പറയുന്നത്. പഴയൊരു സുഹൃത്തിനെ പുതിയ രഹസ്യങ്ങളുമായി വീണ്ടും കണ്ടുമുട്ടുന്നതുപോലെയാണ് ആയാളിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹത്തിന്റെ അടുത്ത യാത്ര എവിടേക്ക് നയിക്കുന്നു എന്ന് പ്രേക്ഷകര്‍ കാണാനായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘പനോരമ സ്റ്റുഡിയോസും പെന്‍ സ്റ്റുഡിയോയും ഒന്നിക്കുന്നതോടെ, മലയാളത്തിന്റെ സ്വന്തം ‘ദൃശ്യം 3’ ഇപ്പോള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇത്രയും പിന്തുണയോടെയും വ്യക്തമായ കാഴ്ചപ്പാടോടെയും ‘ദൃശ്യം 3’ മുന്നോട്ട് പോകുന്നത് കാണുന്നത് ശരിക്കും സന്തോഷകരമാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രം ആഗോള വേദിക്ക് അര്‍ഹമാണെന്ന് തങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നു. ഇപ്പോള്‍ ഈ സഹകരണത്തോടെ, ജോര്‍ജുകുട്ടിയുടെ അടുത്ത നീക്കത്തിന് ലോകം ഒടുവില്‍ തയ്യാറായിക്കഴിഞ്ഞതായി തോന്നുന്നുവെന്നും സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.