Drishyam 3 : ഐജി ഓഫീസിലെ ആ സീനും കഴിഞ്ഞു! ജീത്തുവിന് ജോർജ്ജുകുട്ടിയുടെ ഉമ്മ; ദൃശ്യം 3ക്ക് പാക്ക് അപ്പ്
Dirshyam 3 Updates : സെപ്റ്റംബർ അവസാനത്തോടെയായിരുന്നു ദൃശ്യം 3ൻ്റെ ചിത്രീകരണം ആരംഭിച്ചത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതിന് മുമ്പ് ദൃശ്യം 3യുടെ ആഗോള ബിസിനെസ് ഇതിനോടകം 350 കോടി കടന്നു.
ജോർജ്ജുകുട്ടിയുടെ മൂന്നാം വരവിനായിട്ടുള്ള കാത്തിരിപ്പിന് അവസാനമാകുന്നു. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടികെട്ടിൽ ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായി. ദൃശ്യം 3യ്ക്ക് പാക്ക്അപ്പ് വിളിച്ചുകൊണ്ടുള്ള വീഡിയോ സിനിമയുടെ നിർമാതാക്കളായ ആശീർവാദ് സിനിമാസ് പങ്കുവെച്ചു. ചിത്രം 2026ൽ വേനലവധിക്ക് മുമ്പ് തിയറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷ.
സിനിമയിലെ അവസാന സീനിന് ജീത്തു ജോസഫ് ഓക്കെ പറയുന്ന പിന്നണി രംഗങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ പാക്ക്അപ്പ് വിവരം അറിയിച്ചിരിക്കുന്നത്. അവസാന സീൻ ഓക്കെയായതോടെ നിർമാതാവ് ആൻ്റണി പെരുമ്പാവൂരെത്തി മോഹൻലാലിനും ജീത്തും ജോസഫിനും ഉമ്മ നൽകി. ഒപ്പം മോഹൻലാൽ സംവിധായകൻ ജീത്തു ജോസഫിന് ഉമ്മ നൽകി. പ്രത്യേകം കേക്ക് കട്ട് ചെയ്താണ് പാക്ക്ആപ്പ് ആഘോഷം നടന്നത്. സെപ്റ്റംബർ 22നായിരുന്നു സിനിമയുടെ പൂജ നടന്നത്.
ദൃശ്യം 3യൂടെ പാക്ക് വീഡിയോ
അവസാനം ചിത്രീകരിച്ചത് പോലീസ് സ്റ്റേഷൻ രംഗം
പോലീസ് സ്റ്റേഷനിലെ രംഗമാണ് അവസാനം ചിത്രീകരിച്ചത്. മോഹൻലാലിനൊപ്പം ദൃശ്യം 2ൽ വക്കീലായി എത്തിയ ശാന്തി മായാദേവിയും ഉണ്ട്. ദൃശ്യം സീരീസിലെ സിദ്ധിഖും രണ്ടാം ഭാഗത്തിൽ ഐജിയായി എത്തിയ മുരളി ഗോപിയും മറ്റ് പോലീസ് വേഷം ചെയ്ത കെ.ബി ഗണേഷ്കുമാറും പാക്ക്അപ്പ് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനിലെ നിർണായകമായ സീനാകും ചിത്രീകരിച്ചതെന്നാണ് ആരാധകർ കരുതുന്നത്.
ഷൂട്ടിങ് തീരുന്നതിന് മുമ്പ് ദൃശ്യം 3 300 കോടി ക്ലബിൽ
ദൃശ്യം 3 സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ സിനിമയുടെ ബിസിനെസ് ഇതിനോടകം 350 കോടി നേടിയെന്ന് റിപ്പോർട്ടുകളുണ്ട്. മോഹൻലാലിൻ്റെ തന്നെ തുടരും സിനിമയുടെ നിർമാതാവായ എം രഞ്ജിത്താണ് ഇക്കാര്യം മാധ്യമങ്ങളോട് അറിയിക്കുന്നത്. മലയാളത്തിന് പുറമെ ദൃശ്യം 3യുടെ തിയറ്റർ ഒടിടി അവകാശം ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസിന് 160 കോടിക്ക് വിറ്റു. മറ്റ് അവകാശങ്ങൾ എല്ലാം വിറ്റാണ് മോഹൻലാൽ ചിത്രത്തിൻ്റെ ബിസിനെസ് 350 കോടി നേടിയത്.
ദൃശ്യം 3 സിനിമ
സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സതീഷ് കുറുപ്പാണ് ദൃശ്യം 3യുടെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. അനിൽ ജോൺസണാണ് സംഗീത സംവിധായകൻ. വി എസ് വിനായകാണ് ചിത്രത്തിൻ്റെ എഡിറ്റർ.