Mohanlal usthad movie: 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉസ്താദ് തിരിച്ചു വരുന്നു… രാവണപ്രഭുവിനെ കടത്തിവെട്ടുമോ ഇത്?
Mohanlal usthad movie Re Release: എത്ര കണ്ടാലും മതിവരാത്ത, വീണ്ടും വീണ്ടും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു മാന്ത്രികത ആ പഴയ ചിത്രങ്ങൾക്കുണ്ട്. 'സ്ഫടികം', 'ദേവദൂതൻ', 'ഛോട്ടാ മുംബൈ', 'മണിച്ചിത്രത്താഴ്', 'രാവണപ്രഭു' തുടങ്ങിയ ചിത്രങ്ങളുടെ റീ-റിലീസുകൾ ആവർത്തിച്ച് വൻ വിജയമായത് ഈ ജനപ്രിയതയ്ക്ക് തെളിവാണ്.
തിയേറ്ററുകളിൽ രാവണപ്രഭുവിന്റെ തേരോട്ടം തുടരുന്നതിനിടെ ഇതാ മറ്റൊരു ലാലേട്ടൻ ഹിറ്റുകൂടി തിയേറ്ററിലേക്ക് തിരിച്ചെത്തുന്നു. മോഹൻലാൽ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ‘റിപ്പീറ്റ് വാല്യു’ ആണ്. എത്ര കണ്ടാലും മതിവരാത്ത, വീണ്ടും വീണ്ടും പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു മാന്ത്രികത ആ പഴയ ചിത്രങ്ങൾക്കുണ്ട്. ‘സ്ഫടികം’, ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’, ‘മണിച്ചിത്രത്താഴ്’, ‘രാവണപ്രഭു’ തുടങ്ങിയ ചിത്രങ്ങളുടെ റീ-റിലീസുകൾ ആവർത്തിച്ച് വൻ വിജയമായത് ഈ ജനപ്രിയതയ്ക്ക് തെളിവാണ്.
ആ നിരയിലേക്കാണ് 1999-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലറായ ‘ഉസ്താദ്’ എത്തുന്നത്. രഞ്ജിത്തിന്റെ രചനയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം, കൺട്രി ടോക്കീസിന്റെ ബാനറിൽ ഷാജി കൈലാസും രഞ്ജിത്തും ചേർന്നാണ് നിർമ്മിച്ചത്.
പരമേശ്വരനും ഉസ്താദും
സഹോദരിയെ ജീവന് തുല്യം സ്നേഹിക്കുന്ന ഏട്ടനായ പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടിയുണ്ട്. മോഹൻലാലിന്റെ തകർപ്പൻ പ്രകടനത്തിലൂടെ പരമേശ്വരന്റെയും, അധോലോക നായകനായ ഉസ്താദിന്റെയും കഥയാണ് ചിത്രം പറയുന്നത്. മോഹൻലാലിന്റെ സഹോദരിയായി ദിവ്യ ഉണ്ണി വേഷമിട്ടു.
27 വർഷത്തിന് ശേഷം ഉസ്താദിന്റെ തിരിച്ചുവരവ്
ജാഗ്വാർ സ്റ്റുഡിയോസിന്റെ ബാനറിൽ ബി. വിനോദ് ജെയിനാണ് 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചിത്രത്തെ വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്. ‘ദേവദൂതനും’, ‘ഛോട്ടാ മുംബൈക്കും’ ശേഷം ഹൈ സ്റ്റുഡിയോസാണ് ഈ സിനിമയും 4K ഡോൾബി അറ്റ്‌മോസിൽ റീമാസ്റ്ററിംഗ് ചെയ്യുന്നത്. മികച്ച ദൃശ്യ-ശബ്ദ നിലവാരത്തോടെ പുനരവതരിപ്പിക്കുന്ന ‘ഉസ്താദ്’ 2026 ഫെബ്രുവരിയിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.
ഗിരീഷ് പുത്തഞ്ചേരി, കണ്ണൻ പരീക്കുട്ടി എന്നിവരുടെ വരികൾക്ക് വിദ്യാസാഗറും തേജ് മെറിനും ചേർന്നൊരുക്കിയ സംഗീതം ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാർ, മോഹൻലാൽ, ശ്രീനിവാസ്, സുജാത, രാധിക തിലക് എന്നിവരാണ് ഗായകർ.
ചിത്രത്തിൽ മോഹൻലാലിനൊപ്പം ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണി വിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെന്റ്, ജനാർദ്ദനൻ, സായികുമാർ, ശ്രീ വിദ്യ, നരേന്ദ്ര പ്രസാദ്, സിദ്ദിഖ്, കൊച്ചിൻ ഹനീഫ, ജോമോൾ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്നുണ്ട്.
ആനന്ദക്കുട്ടൻ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ്: ഭൂമിനാഥൻ, പശ്ചാത്തല സംഗീതം: രാജാമണി എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.