Randamoozham: രണ്ടാമൂഴത്തിൽ മോഹൻലാലില്ല, പകരം ഋഷഭ് ഷെട്ടി; നടൻ തന്നെ സിനിമ സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്
Rishab Shetty To Direct Randamoozham: എംടിയുടെ രണ്ടാമൂഴം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ഋഷഭ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട്.
എംടി വാസുദേവൻ നായരുടെ സ്വപ്നപദ്ധതിയായ രണ്ടാമൂഴം ഋഷഭ് ഷെട്ടി സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ട്. ഋഷഭ് ഷെട്ടി തന്നെയാവും പ്രധാന കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുക. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന സിനിമയിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി പല ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്നതിനാലാണ് ഋഷഭ് ഷെട്ടിയെ സമീപിച്ചതെന്ന് എംടിയുടെ കുടുംബം പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏറെ വൈകാതെ തന്നെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുമെന്നാണ് വിവരം. എംടിയുടെ ആഗ്രഹം പോലെ രണ്ട് ഭാഗങ്ങളായാവും സിനിമ പുറത്തിറങ്ങുക. മണിരത്നം സിനിമ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, അദ്ദേഹം സമയപരിമിതി മൂലം സിനിമയിൽ നിന്ന് പിന്മാറിയെന്നും മണിരത്നം തന്നെയാണ് ഋഷഭ് ഷെട്ടിയെ കുടുംബത്തിന് നിർദ്ദേശിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: Parvathy Thiruvothu: ‘ലോക’യിൽ ചന്ദ്രയാവാൻ വിളിച്ചിരുന്നോ? തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്
ഹരിഹരൻ സിനിമയാക്കാനിരുന്ന നോവലാണ് രണ്ടാമൂഴം. എംടി ജീവിച്ചിരുന്ന സമയത്ത് സംവിധായകൻ ശ്രീകുമാർ മേനോനും നോവൽ സിനിമയാക്കാൻ ശ്രമിച്ചിരുന്നു. ഇരുവരും തമ്മിൽ കരാറായിരുന്നെങ്കിലും ചിത്രീകരണം ആരംഭിക്കാൻ നീണ്ടുപോയതിനെ തുടർന്ന് എംടി നിയമനടപടികളിലൂടെ കരാറിൽ നിന്ന് പിന്മാറി. എംടി തിരക്കഥയും തിരികെവാങ്ങി. പിന്നീടാണ് എംടിയുടെ മകൾ രണ്ടാമൂഴം ഏറ്റെടുത്തത്. എംടിയുടെ മരണശേഷം ഇതിൻ്റെ നടപടിക്രമങ്ങൾക്ക് ശക്തിപ്രാപിച്ചു. സംവിധായകൻ്റെ നിർമ്മാണക്കമ്പനിയും എംടിയുടെ കമ്പനിയും ചേർന്ന് സിനിമ നിർമ്മിക്കും. നേരത്തെ എംടിയുടെ 9 ചെറുകഥകൾ 9 പേർ ചേർന്ന് സംവിധാനം ചെയ്ത മനോരഥങ്ങൾ എന്ന വെബ് സീരീസ് എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയാണ് നിർമ്മിച്ചത്.
മഹാഭാരതം ഭീമൻ്റെ കാഴ്ചപ്പാടിലൂടെ പറയുന്ന നോവലാണ് രണ്ടാമൂഴം. എംടിയുടെ മാസ്റ്റർപീസ് ആണ് രണ്ടാമൂഴം എന്ന് കരുതപ്പെടുന്നു. വയലാർ, മുട്ടത്തുവർക്കി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.