Vande Bharat Sleeper: ഉടൻ ഓട്ടം തുടങ്ങുക 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ; 1500 കിലോമീറ്റർ വരെയുള്ള റൂട്ടൂകളിൽ സർവീസ്
Vande Bharat Sleeper Routes: ഉടൻ 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി. 1500 കിലോമീറ്റർ വരെയുള്ള ദൂരമാവും ട്രെയിൻ ഓടുക.
12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ ഓട്ടം തുടങ്ങുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. ഈ മാസമാണ് വന്ദേഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുക. കൊൽക്കത്ത – ഗുവാഹത്തി റൂട്ടിലാണ് ആദ്യ സർവീസ്. ഇതിന് ശേഷം ഉടൻ തന്നെ 11 വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ കൂടി പുറത്തിറക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ 1000 മുതൽ 1500 കിലോമീറ്റർ വരെ ദൂരമുള്ള റൂട്ടുകളിലാവും സർവീസ് നടത്തുകയെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ 1500 കിലോമീറ്റർ വരെ ദൂരം കവർ ചെയ്യും. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണം വർധിപ്പിച്ചിട്ടുണ്ട്. ഈ വർഷം ആകെ 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിച്ച് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആകെ 16 കോച്ചുകളാണ് വന്ദേഭാരതിൽ ഉണ്ടാവുക. ത്രീ ടയർ എസി കോച്ചുകൾ 11 എണ്ണം. ടൂ ടയർ കോച്ചുകൾ നാലെണ്ണവും ഒരെണ്ണം ഫസ്റ്റ് ക്ലാസ് എസിയും. ത്രീ ടയറിൽ 611 പേർക്കും ടൂ ടയറിൽ 188 പേർക്കും ഫസ്റ്റ് എസിയിൽ 24 പേർക്കുമാണ് യാത്ര ചെയ്യാനാവുക എന്നാണ് വിവരം. ഐസിഎഫ് (ഇൻ്റേഗ്രൽ കോച്ച് ഫാക്ടറി) ടെക്നോളജി ഉപയോഗിച്ച് ബിഇഎംഎൽ ആണ് വന്ദേഭാരത് സ്ലീപ്പർ നിർമ്മിച്ചിരിക്കുന്നത്. 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും. കഴിഞ്ഞ ദിവസം നടത്തിയ രീക്ഷണ ഓട്ടത്തിൽ വന്ദേഭാരത് സ്ലീപ്പർ പുതിയ വേഗം കീഴടക്കിയിരുന്നു. പരീക്ഷണ ഓട്ടത്തിനിടെ വന്ദേഭാരത് സ്ലീപ്പർ വാട്ടർ ടെസ്റ്റും വിജയിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ അറിയിച്ചിരുന്നു.