Minnal vala Song : “മിന്നൽ വള” പാട്ടിൽ “നാമല്ലോ” ആണോ “ലാവല്ലോ” ആണോ? സോഷ്യൽ മീഡിയയിലെ സംവാദത്തിനുള്ള ഉത്തരം ഇതാ
Narivetta Song Minnal Vala Lyrics Spark Controversy: ചിലർ ഗാനം കേട്ട് "നാമല്ലോ" എന്ന് ഉറപ്പിച്ചു പറയുന്നു. "സിദ് ശ്രീറാം പാടുമ്പോൾ 'നാമല്ലോ' എന്ന് തന്നെയാണ് കേൾക്കുന്നത്, 'ലാവല്ലോ' എന്ന് എഴുതിയതിൽ തെറ്റുണ്ട്" എന്ന് ചിലർ വാദിക്കുന്നു.

കൊച്ചി: ഒരു സിനിമ ഇറങ്ങുമ്പോൾ അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെടുന്നതും ചർച്ചയാകുന്നതും സാധാരണയാണ്. അത്തരത്തിൽ അടുത്തിടെ ചർച്ചയായിരിക്കുന്നത് നരിവേട്ടയിലെ ഗാനമാണ്. ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നരിവേട്ടയിലെ “മിന്നൽ വള” എന്ന ഗാനം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
സിദ് ശ്രീറാമും സിതാര കൃഷ്ണകുമാറും ചേർന്നാലപിച്ച ഈ ഗാനം ജേക്സ് ബിജോയിയാണ്ചിട്ടപ്പെടുത്തിയിരിക്കുന്നത്. കൈതപ്രമാണ് ഗാനരചയിതാവ്. പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു പ്രധാന ചർച്ച ഉയർന്നിരുന്നു. ഗാനത്തിലെ ഒരു ഭാഗം “നാമല്ലോ” എന്നാണോ അതോ “ലാവല്ലോ” എന്നാണോ എന്നാണ് ആ സംവാദം.
എന്താണ് ചർച്ച?
ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോയിലും മറ്റ് ഔദ്യോഗിക വരികളിലും “കണ്ണാടിപ്പുഴയിലെ പൂന്തിരകൾ ലാവല്ലോ തീരാത്ത ഓളങ്ങൾ” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, സിദ് ശ്രീറാമിൻ്റെ ആലാപനം കേൾക്കുമ്പോൾ പലർക്കും ഇത് “നാമല്ലോ” എന്ന് തോന്നിയിരുന്നു. ഈ ആശയക്കുഴപ്പം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.
ചിലർ ഗാനം കേട്ട് “നാമല്ലോ” എന്ന് ഉറപ്പിച്ചു പറയുന്നു. “സിദ് ശ്രീറാം പാടുമ്പോൾ ‘നാമല്ലോ’ എന്ന് തന്നെയാണ് കേൾക്കുന്നത്, ‘ലാവല്ലോ’ എന്ന് എഴുതിയതിൽ തെറ്റുണ്ട്” എന്ന് ചിലർ വാദിക്കുന്നു.
എന്നാൽ, മറ്റ് ചിലർ ഔദ്യോഗിക വരികളെയും ഗാനരചയിതാവിനെയും ചൂണ്ടിക്കാട്ടി “ലാവല്ലോ” എന്നത് ശരിയായ പദമാണെന്ന് വാദിക്കുന്നു.
ഇതിനെക്കുറിച്ച് നിരവധി ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ആലാപനത്തിലെ വ്യത്യാസം കൊണ്ടാണ് ഈ ആശയക്കുഴപ്പം ഉണ്ടായതെന്നാണ് പൊതുവായ വിലയിരുത്തൽ.
സിത്താര പറയുന്നത്
നിലാവ് എന്നർത്ഥമുള്ള ലാവും നാമും ഒരുപോലെ ചേരുന്നുണ്ട്. ഒഫീഷ്യൽ ലിറിക്സിൽ കാണുന്നത് നാമല്ലോ ആണ്. ഈ പാട്ട് പാടിയ സിത്താര കൃഷ്ണകുമാർ പറയുന്നത് നാമല്ലോ എന്നാണ് വരികളിലുള്ളത് എന്നു തന്നെ. എന്തായാലും രണ്ടു പദങ്ങളും ഈ പാട്ടിനൊപ്പം ചേർന്നു പോകുന്നതാണ് എന്ന് പറയാതെ വയ്യ.