Naslen: ‘ആസിഫ് അലിയേക്കാൾ കൂടുതൽ പ്രതിഫലം ഞാൻ ചോദിച്ചുവെന്ന് വരെ പറഞ്ഞു’; മറുപടിയുമായി നസ്ലെൻ
Naslen Addresses Rumours About Remuneration: കഴിഞ്ഞ ഏതാനും നാളുകളായി, നടനുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇതിനെല്ലാം നസ്ലെൻ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

നസ്ലെൻ
‘പ്രേമലു’ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാള സിനിമയിലെ തിരക്കേറിയ നായകന്മാരിൽ ഒരാളായി മാറിയ യുവനടനാണ് നസ്ലെൻ. കഴിഞ്ഞ ഏതാനും നാളുകളായി, നടനുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികൾ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ, ഇതിനെല്ലാം നസ്ലെൻ തന്നെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
‘മോളിവുഡ് ടൈംസ്’ എന്ന സിനിമയിൽ നിന്ന് നസ്ലെനെ ഒഴിവാക്കി എന്നതായിരുന്നു പ്രധാനമായും ഉയർന്നു വന്നിരുന്ന അഭ്യൂഹം. കൂടാതെ, ‘പ്രേമലു 2’വിൽ നിന്ന് താരം പിന്മാറിയെന്നും, തിരക്കഥ തിരുത്താൻ ആവശ്യപ്പെട്ടുവെന്നും കിംവദന്തികൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതെല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞതുമാണ്.
ഇതിനിടയിൽ ‘ടിക്കി ടാക്ക’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് ആസിഫ് അലിയേക്കാൾ പ്രതിഫലം ചോദിച്ചതിന് പിന്നാലെ നസ്ലെനെ പുറത്താക്കിയെന്നും ചില റൂമറുകൾ പ്രചരിച്ചിരുന്നു. എന്നാൽ, പടത്തിന്റെ കഥാകൃത്ത് നസ്‌ലെന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടതോടെ ആ അഭ്യൂഹങ്ങളും അവസാനിച്ചു. ഒടുവിലിതാ, തനിക്കെതിരെ വന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് നസ്ലെൻ. ‘ലോകഃ’ എന്ന ഏറ്റവും ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
“ഈയിടെ എന്നെ പറ്റി പല റൂമറുകളും വന്നിരുന്നു. ‘ടിക്കി ടാക്ക’ സിനിമയിൽ നിന്നും എന്നെ പുറത്താക്കിയെന്നുള്ള റൂമറുകൾ വന്നത് ഞാൻ കണ്ടിരുന്നു. ഞാൻ സിനിമയിൽ ജോയിൻ ചെയ്യാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ള സമയത്താണ് ആ റൂമർ ഞാൻ കണ്ടത്. അപ്പോൾ ‘എന്നെ പുറത്താക്കിയോ’ എന്നായിരുന്നു എന്റെ ആദ്യ ചിന്ത. ആസിക്കയേക്കാൾ കൂടുതൽ പൈസ ചോദിച്ചുവെന്ന് വരെ റൂമറുകൾ വന്നു. കുറേ അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഉയർന്നു വന്നത്. തോന്നുന്നത് എഴുതി വിടുന്നതാവാം. അതിൽ എനിക്ക് ഒന്നും പറയാനില്ല” എന്ന് നസ്ലെൻ പറഞ്ഞു.
“മോശം കമന്റുകൾ വരുമ്പോൾ നമുക്ക് ഒന്നും ചെയ്യാനില്ല. ‘ഈ വ്യക്തി ഇങ്ങനെയാണ്’ എന്നും പറഞ്ഞ് ആളുകൾ അവരുടെ ഇമാജിനേഷനിൽ ഓരോന്നും പടച്ചുവിടുകയാണ്. നമുക്ക് അതിൽ ഒന്നും ചെയ്യാനോ പറയാനോയില്ല. നമ്മൾ നമ്മുടെ വർക്കിൽ കോൺസെൻട്രേറ്റ് ചെയ്താൽ മതിയല്ലോ. ടിക്കി ടാക്കയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന റൂമർ, ഞാൻ ആ സിനിമയിൽ ജോയിൻ ചെയ്തതോടെ അവസാനിച്ചു. അതുപോലെ തന്നെയാണ് എല്ലാ കാര്യങ്ങളും.” നസ്‌ലെൻ കൂട്ടിച്ചേർത്തു.