Onam Release Movies: സൂപ്പര്‍സ്റ്റാറിനോട് കളം പിടിക്കാൻ യുവതാരങ്ങളും! ഓണം കളറാക്കാന്‍ തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങൾ
Onam 2025 Malayalam Movie Releases: മോഹൻലാൽ ഫഹദ് ഫാസിൽ തുടങ്ങിയ സൂപ്പര്‍സ്റ്റാർകളോട് കളം പിടിക്കാൻ യുവതാരങ്ങളും രംഗത്തുണ്ട്. ഓണം റിലീസായി എത്തുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഈ ഓണത്തിന് ആവേശവും ആരവവും ഇരട്ടിയാക്കാൻ ഇത്തവണ തിയേറ്ററുകളിലെത്തുന്നത് വമ്പൻ ചിത്രങ്ങൾ. മോഹൻലാൽ ഫഹദ് ഫാസിൽ തുടങ്ങിയ സൂപ്പര്‍സ്റ്റാർകളോട് കളം പിടിക്കാൻ യുവതാരങ്ങളും രംഗത്തുണ്ട്. ഓണം റിലീസായി എത്തുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഹൃദയപൂർവ്വം
മോഹൻലാൽ നായകനായി എത്തുന്ന സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം ഓണം റിലീസായിട്ടാണ് പുറത്തിറങ്ങുന്നത്. ആഗസ്റ്റ് 28 ന് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം മോഹൻലാലും- സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്നാണ് സൂചന. മാളവിക മോഹനൻ ആണ് നായികയായിയെത്തുന്നത്. കൂടാതെ സംഗീത് പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങിയ മികച്ച താരനിരയും അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
ഓടും കുതിര ചാടും കുതിര
ഓണം റിലീസായി പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. റോം കോം വിഭാഗത്തിലെത്തുന്ന ചിത്രം ആഗസ്ത് 29നാണ് റിലീസ് ചെയ്യുന്നത്. കല്യാണി പ്രിയദർശനും, രേവതിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലോക – ചാപ്റ്റർ വൺ:ചന്ദ്ര
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റർ വൺ:ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ഇത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് . മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നാണ് സൂചന.
Also Read:ലാലേട്ടന്റെ ഓണ സമ്മാനം ഇതാ; ഹൃദയപൂർവ്വം അഡ്വാൻസ് ബുക്കിംഗ് തീയതി പുറത്ത്
മേനെ പ്യാർ കിയ
ഓണം പൊടി പൊടിക്കാൻ യുവതാരങ്ങളും എത്തുന്നുണ്ട്. നവാഗത സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ ഒരുക്കുന്ന മേനെ പ്യാർ കിയ എന്നതാണ് മറ്റൊരു ചിത്രം. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി, ബോക്സർ ദീന, ജീവിൻ റെക്സ, ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ എന്നിവർ കഥാപാത്രമായി എത്തുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം ആഗസ്റ്റ് 29നാണ് റിലീസ് ചെയ്യുന്നത്.
ബൾട്ടി
ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ബൾട്ടി. നവാഗതനായ ഉണ്ണി ശിവലിംഗമാണ് ചിത്രം സംവിധാനം ചെയ്യതിരിക്കുന്നത്. ചിത്രം സെപ്തംബറിലാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
മദ്രാസി
ശിവകാർത്തികേയൻ നായകനായി എത്തുന്ന തമിഴ് ചിത്രം മദ്രാസിയും ഓണം റിലീസായി എത്തുന്നുണ്ട്. എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്തംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.