Operation Numkhor: ‘പിടിച്ചെടുത്ത വാഹനം വിട്ടുനൽകണം’: ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
Dulquer Salmaan Files Petition in the High Court: എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയത് എന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദുൽഖർ പറഞ്ഞു.
കൊച്ചി: ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് കസ്റ്റംസ് പിടിച്ചെടുത്ത വാഹനം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയാണ് താൻ വാഹനം സ്വന്തമാക്കിയത് എന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദുൽഖർ പറഞ്ഞു. വാഹനങ്ങളുടെ രേഖകൾ പോലും പരിശോധിക്കാതെയാണ് കസ്റ്റംസ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും ഹർജിയിൽ ദുൽഖർ ആരോപിക്കുന്നു.
വ്യക്തി എന്ന നിലയിൽ തന്റെ പ്രതിച്ഛായ മോശമാക്കുന്ന രീതിയിലാണ് മാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നതെന്നും നടൻ ഹർജിയിൽ പറയുന്നു. എന്തു താൽപ്പര്യത്തിന്റെ പുറത്താണ് അതെന്നറിയില്ലെന്നും അദ്ദേഹം ഹർജിയില്‍ പറയുന്നു. ഓണ്‍ലൈനായാണ് താരം ഹർജി സമർപ്പിച്ചത്. ഹര്‍ജി നാളെ പരിഗണിച്ചേക്കുമെന്നും റിപ്പോട്ടുണ്ട്. കഴിഞ്ഞ ദിവസം ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്‍റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ വാഹനങ്ങളും. അതിലൊന്നാണ് ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ളത്. അതേസമയം കേസിൽ കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ ഫസ്റ്റ് ഓണര്‍ വാഹനത്തിന്റെ ഉടമയായ മാഹീന്‍ അന്‍സാരിയെ ചോദ്യം ചെയ്തുവരികയാണ്.
ഓപ്പറേഷൻ നുംകൂർ
ഭൂട്ടാൻ വഴി ആഡംബര കാറുകൾ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിക്കുന്നത് കണ്ടെത്താനുള്ള കസ്റ്റംസിന്റെ ദൗത്യമാണ് ഓപ്പറേഷൻ നുംകൂർ. ഭൂട്ടാൻ സൈന്യം മറ്റും ഉപേക്ഷിച്ച വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തുക്കുന്നുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഭൂട്ടാൻ സൈന്യം ലേലം ചെയ്യുന്ന എസ്‌യുവികളും മറ്റും ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുകയും ഇവ പിന്നീട് ഹിമാചല്‍പ്രദേശില്‍ എത്തിച്ച് രജിസ്റ്റര്‍ ചെയ്യ്ത് ഉയർന്ന വിലയ്ക്ക് ആവശ്യക്കാരിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തിക്കുന്നു.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്‌യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവ അടക്കം റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്കു കടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കേസിന്റെ ഭാഗമായി 38 വാഹനങ്ങള്‍ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.