OTT Releases This Week: ‘ബസൂക്ക’ മുതൽ ‘നരിവേട്ട’ വരെ; ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ ഇതാ
OTT Releases This Week July 2025: തീയേറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്കും, തീയേറ്ററിൽ കണ്ടിട്ട് മതിവരാതിരുന്നവർക്കും ഇനി വീട്ടിലിരുന്ന് ഇഷ്ട ചിത്രങ്ങൾ കാണാം. ഏതെല്ലാം ചിത്രമാണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്നത്, ഇവ എവിടെ, എപ്പോൾ കാണാം തുടങ്ങിയ വിവരങ്ങൾ നോക്കാം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിയുടെ ‘ബസൂക്ക’യും, ടൊവിനോയുടെ ‘നരിവേട്ട’യും തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിൽ എത്തും. തീയേറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്കും, തീയേറ്ററിൽ കണ്ടിട്ട് മതിവരാതിരുന്നവർക്കും ഇനി വീട്ടിലിരുന്ന് ഇഷ്ട ചിത്രങ്ങൾ കാണാം. ഏതെല്ലാം ചിത്രമാണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്നത്, ഇവ എവിടെ, എപ്പോൾ കാണാം തുടങ്ങിയ വിവരങ്ങൾ നോക്കാം.
തഗ് ലൈഫ്
കമൽ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘തഗ് ലൈഫ്’. ജൂൺ 5ന് തീയേറ്ററിൽ എത്തിയ ചിത്രത്തിന് ബോക്സ് ഓഫീസിൽ കാര്യമായ വിജയം നേടാനായില്ല. തൃഷയും ചിമ്പുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ, ‘തഗ് ലൈഫ്’ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ജൂലൈ മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
നരിവേട്ട
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് ‘നരിവേട്ട’. മെയ് 23ന് തീയേറ്ററുകളിൽ എത്തിയ ചിത്രം റിലീസിന്റെ 50-ാം ദിനമാണ് ഒടിടിയിൽ എത്തുക. പൊളിറ്റിക്കൽ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നിർമിച്ചത്. ജൂൺ 11 മുതൽ സോണി ലിവിലൂടെ ‘നരിവേട്ട’ സ്ട്രീമിംഗ് ആരംഭിക്കും.
നടികർ
ടൊവിനോ തോമസ്, ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ‘നടികർ’ 2024 മെയ് 3നാണ് തീയേറ്ററുകളിൽ എത്തിയത്. 40 കോടിയോളം മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രത്തിന് തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമയ്ക്കുള്ളിൽ സിനിമാക്കഥ പറഞ്ഞ ചിത്രം ഒരു വർഷത്തിനു ശേഷം ഒടിടിയിൽ എത്തുകയാണ്. ‘നടികർ’ സൈന പ്ലേയിൽ ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
ALSO READ: സൂര്യയ്ക്കൊപ്പം ആ സിനിമ ചെയ്തതിൽ ഇപ്പോഴും ഖേദിക്കുന്നു; കരിയറിലെ ഏറ്റവും വലിയ പിഴവെന്ന് നയൻ താര
ബസൂക്ക
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ‘ബസൂക്ക’ ഏപ്രിൽ 10നാണ് തീയേറ്ററുകളിൽ എത്തിയത്. ഗെയിമിങ് ത്രില്ലർ ആക്ഷൻ ഗണത്തിൽ പെടുന്ന ചിത്രം സാരിഗമ, തിയറ്റർ ഓഫ് ഡ്രീംസ് യൂഡ്ലി ഫിലിംസ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രഹാമും സാരിഗമയും ചേർന്നാണ് നിർമിച്ചത്. ബസൂക്ക ഒടിടിയിലേക്കെത്തുന്നു. ‘ബസൂക്ക’ സീ5ലൂടെ ജൂലൈ 10 മുതൽ സ്ട്രീമിങ് ആരംഭിക്കും.
മൂൺവാക്
നവാഗതനായ വിനോദ് എകെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘മൂൺവാക്ക്’. എൺപത്, തൊന്നൂറ് കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം മെയ് അവസാനാമാണ് തീയേറ്ററുകളിൽ എത്തിയത്. മാജിക് ഫ്രെയിംസിൻ്റെയും ആമേൻ മൂവി മൊണാസ്റ്റട്രിയുടെയും ഫയർവുഡ് ഷോസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ‘മൂൺവാക്’ ജൂൺ എട്ടാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും.
സർസമീൻ
പൃഥ്വിരാജ്, കജോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സർസമീൻ’. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. നേരിട്ട്, ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.