OTT Releases: ‘സംശയം’ മുതൽ ‘കണ്ണപ്പ’ വരെ; ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
OTT Releases This Week: തീയേറ്റർ റിലീസിന് ശേഷം എത്തുന്ന ചിത്രങ്ങളും നേരിട്ട് ഒടിടിയിൽ റിലീസാകുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. പല ഭാഷകളിലായി ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ നോക്കാം.

'കണ്ണപ്പ', 'സർസമീൻ', 'സംശയം' പോസ്റ്റർ
വിനയ് ഫോർട്ടിന്റെ ‘സംശയം’, വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’, പൃഥ്വിരാജിന്റെ ‘സർസമീൻ’ തുടങ്ങി ഈ ആഴ്ച ഒരുപിടി നല്ല ചിത്രങ്ങളാണ് ഒടിടിയിൽ എത്തുന്നത്. തീയേറ്റർ റിലീസിന് ശേഷം എത്തുന്ന ചിത്രങ്ങളും നേരിട്ട് ഒടിടിയിൽ റിലീസാകുന്ന ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. തീയേറ്ററിൽ പോയി കാണാൻ കഴിയാതിരുന്നവർക്കും, വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇനി വീട്ടിലിരുന്ന് ഈ ചിത്രങ്ങളെല്ലാം ആസ്വദിക്കാം. പല ഭാഷകളിലായി ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ നോക്കാം.
സംശയം
വിനയ് ഫോർട്ട്, ഷറഫുദ്ദീൻ, ലിജോമോൾ, പ്രിയംവദ കൃഷ്ണൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ‘സംശയം’ മെയ് 16നാണ് തീയേറ്ററുകളിൽ എത്തിയത്. 895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചില യഥാർഥ സംഭവങ്ങൾ കോർത്തിണക്കി ഒരുക്കിയ ഈ കുടുംബ ചിത്രം റിലീസായി രണ്ട് മാസത്തിന് ശേഷം ഒടുവിൽ ഒടിടിയിൽ എത്തുകയാണ്. ജൂലൈ 24ന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
കണ്ണപ്പ
വിഷ്ണു മഞ്ചുവിനെ നായകനാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘കണ്ണപ്പ’ ജൂൺ 27നായിരുന്നു റിലീസായത്. ചിത്രത്തിൽ മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മോഹൻ ബാബുവിൻറെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എൻറർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. ‘കണ്ണപ്പ’ ജൂലൈ 25 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിക്കും.
സർസമീൻ
പൃഥ്വിരാജ്, കജോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കയോസി ഇറാനി സംവിധാനം ചെയ്ത ചിത്രമാണ് ‘സർസമീൻ’. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലൻ വേഷത്തിലെത്തിയ ചിത്രം നേരിട്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
മണ്ഡലാ മർഡേഴ്സ്
ഗോപി പുത്രൻ സംവിധാനം ചെയ്ത ഹിന്ദി വെബ് സീരീസ് ‘മണ്ഡലാ മർഡേഴ്സ്’ ഈ ആഴ്ച ഒടിടിയിലെത്തും. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂലൈ 25ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
പെരുമാനി
സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്ത ചിത്രം ‘പെരുമാനി’ 2024 മെയ് 10നാണ് തീയേറ്ററുകളിൽ എത്തിയത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിൻറെ കഥാതന്തു. തീയേറ്റർ റിലീസിന് ഒന്നര വർഷത്തിന് ശേഷം ചിത്രം ഒടുവിൽ ഒടിടിയിൽ എത്തുകയാണ്. ഈ ആഴ്ച മുതൽ സൈന പ്ലേയിൽ ചിത്രം പ്രദർശനം ആരംഭിക്കുമെന്നാണ് വിവരം.