Gireesh puthenchery: മറ്റൊരാളുടെ പ്രണയത്തിനായി ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ട്, ഒന്ന് മൂളാത്തവരായി ആരുമില്ലാത്ത വരികൾ
Pinneyum Pinneyum Aro Song from Krishnagudiyil Oru Pranayakalathu: ആ വരികൾ ആദ്യം കേട്ടതും ആസ്വദിച്ചതും ഞാനും എന്റെ കൂട്ടുകാരിയുമാണ്. സിനിമയിൽ അത് പാട്ടായി വരുന്നതിന് വർഷങ്ങൾക്ക് മുൻപ് ആ പാട്ട് കേട്ടിട്ടുണ്ട്'' വർഷങ്ങൾക്കു മുമ്പ് കാലിക്കറ്റ് ടവർ ഹോട്ടലിൽ വെച്ച് പിറന്നതാണ് ആ ഗാനം.
കൊച്ചി: ഓരോ പാട്ടും പിറക്കുന്ന വഴികൾ ആകസ്മികവും ചിലപ്പോൾ രസകവുമാണ്. പ്രത്യേകിച്ച് പ്രണയഗാനങ്ങൾ. എവിടെയോ ഇരിക്കുന്ന അജ്ഞാതയായ രൂപം പോലുമറിയാത്ത കാമുകിക്കായി അവളെ സങ്കൽപിച്ചു പാടുന്ന പാട്ടിന് പ്രത്യേകം മധുരം കൂടും. അജ്ഞാത കാമുകി എന്നു പറയുമ്പോൾ തന്നെ നാം ഒരു നിമിഷം കൊണ്ട് കൃഷ്ണഗുഡിയിലെത്തും.
മഞ്ഞും മരങ്ങളും മലഞ്ചെരിവും പോലും പ്രണയിക്കാൻ മൗനമായി പറയുന്ന മനോഹരമായ കൃഷ്ണഗുഡി. അവിടെ അറിയാത്ത തന്റെ പെണ്ണിനായി സുന്ദരനായ സ്റ്റേഷൻ മാസ്റ്ററുടെ കവി ഹൃദയം പാടിയത് മലയാളികൾ ഏറ്റുപാടിയതിൽ അത്ഭുതമില്ല. ആ പാട്ട് ആരെഴുതി എന്നതിൽ സംശയവുമില്ല. ഗിരീഷ് പുത്തൻഞ്ചേരി എഴുതി ഈണങ്ങളുടെ രാജാവ് വിദ്യാസാഗർ ജീവൻ നൽകിയ പാട്ട്. ട്രെയിനിന്റെ താളത്തിനൊപ്പം കേൾക്കുമ്പോൾ മനസ്സിലൊരു കൃഷ്ണഗുഡി പിറക്കുകയായി.
ഈ പാട്ടിന്റെ പിറവിക്കു പിന്നിലെ രസകരമായ ഒരു കഥ പത്രപ്രവർത്തകനും എഴുത്തുകാരനുമായ രവിമേനോൻ പങ്കുവെച്ചിട്ടുണ്ട്. മറ്റൊരാളുടെ പ്രണയത്തിനു വേണ്ടി വർഷങ്ങൾക്കു മുമ്പ് ഗിരീഷ് എഴുതിയ ഗാനം വർഷങ്ങൾക്കിപ്പുറം കമൽ നെഞ്ചോട് ചേർത്ത് തന്റെ സിനിമയിലേക്ക് കൂട്ടിക്കെട്ടുന്നു. കഥാ നായകൻ ടി എ റസാക്കാണ്. അദ്ദേഹമാണ് ഇക്കഥ രവിമേനോനുമായി പങ്കുവെച്ചതത്രേ.
Also read – മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിന് നോട്ടീസ്
ഒരു പാതിരാവിൽ വിളിച്ച് റസാക്ക് പറഞ്ഞതാണ് അക്കഥ. പത്രത്തിൽ അച്ചടിച്ചുവന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം വായിച്ചശേഷം വിളിച്ചതാണ് അദ്ദേഹം. എന്റെ പ്രണയത്തിനുവേണ്ടി പുത്തനെഴുതിയ പാട്ടാണ്. അവന്റെ ഏറ്റവും മികച്ച പാട്ട്…എന്ന് അദ്ദേഹം ഇടറിയ ശബ്ദത്തിൽ പറഞ്ഞു. ഈണത്തിനൊത്ത് പിറന്ന വരികളിൽ തൃപ്തനാകാതെ ഗിരീഷ് പിന്നെയും പിന്നെയും പാട്ട് മാറ്റിയെഴുതിക്കൊണ്ടിരുന്ന അപൂർവം രാവുകളിലൊന്നിനെപ്പറ്റി അറിയാവുന്ന രവി മേനോൻ ആശയക്കുഴപ്പത്തിലായി.
രാത്രി മുഴുവൻ പുത്തഞ്ചേരി വരികൾ തിരുത്തി, ആ വരികൾക്കൊപ്പം വിദ്യാസാഗർ സ്വന്തം ട്യൂൺതന്നെ മാറ്റി എന്നും പാട്ടിന്റെ പിന്നാമ്പുറ കഥയുണ്ടെന്ന് ഓർക്കുമ്പോൾ റസാക്ക് തന്റെ കഥ പറഞ്ഞു. ആ വരികൾ ആദ്യം കേട്ടതും ആസ്വദിച്ചതും ഞാനും എന്റെ കൂട്ടുകാരിയുമാണ്. സിനിമയിൽ അത് പാട്ടായി വരുന്നതിന് വർഷങ്ങൾക്ക് മുൻപ് ആ പാട്ട് കേട്ടിട്ടുണ്ട്” വർഷങ്ങൾക്കു മുമ്പ് കാലിക്കറ്റ് ടവർ ഹോട്ടലിൽ വെച്ച് പിറന്നതാണ് ആ ഗാനം.
ഏതോ പടത്തിന്റെ എഴുത്തു ജോലികളുമായി താമസിക്കുന്ന സമയത്ത് മുറിയിലേക്ക് രംഗപ്രവേശം ചെയ്തതാണ് ശ്രീമാൻ ഗിരീഷ് പുത്തഞ്ചേരി. വന്നതും മേശപ്പുറത്തെ കടലാസു കെട്ടിൽ നിന്ന് ഒരെണ്ണം വലിച്ചെടുത്ത്, കട്ടിലിൽ കമിഴ്ന്നുകിടന്ന് എഴുതാൻ തുടങ്ങുന്നു. നിമിഷങ്ങൾക്കുള്ളിൽ ആ പാട്ട് പിറന്നു. ഇത് നിനക്കല്ല, നിന്റെ പ്രണയിനിക്കുള്ളതാണ്…” എന്ന് പറഞ്ഞുകൊണ്ട് നീട്ടി.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം, പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊൻവേണുവൂതുന്ന മൃദുമന്ത്രണം…” അപ്പോൾ തന്നെ ഷാഹിദ എന്ന തന്റെ പ്രണയിനിയെ ഫോണിൽ വിളിച്ച് പാടി കേൾപ്പിക്കുകയും ചെയ്തു ഗിരീഷ്. പിന്നീട്, ഏറെക്കാലത്തിനുശേഷം ‘കൃഷ്ണഗുഡി’യുടെ കമ്പോസിങ് വേളയിൽ അപ്രതീക്ഷിതമായി ഗിരീഷിന്റെ ഫോണെത്തി ”ഞാൻ ആ കവിത പുതിയ പടത്തിൽ ഉപയോഗിക്കുകയാണ്. വിരോധമില്ലല്ലോ?” എന്ന ചോദ്യത്തോടെ. സന്തോഷത്തോടെ അന്ന് സമ്മതിച്ചു. ആ പാട്ടിന്നു മലയാളികൾ മുഴുവൻ നെഞ്ചിലേറ്റുന്നു…
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം…..ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്നാരോസ്വകാര്യം പറഞ്ഞതാവാം …