Priyanka Chopra: ‘അടിവസ്ത്രം ചെറുതായിരിക്കണം, മുന്നിലിരിക്കുന്നവർക്ക് കാണാൻ കഴിയണം’; സംവിധായകനെതിരെ വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര
Priyanka Chopra Reveals a Disturbing Experience from Director: ഇപ്പോഴിതാ സിനിമയിലെ ആദ്യകാലങ്ങളിൽ ഒരു സംവിധായകനിൽ നിന്നുണ്ടായ ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ഫോബ്‌സ് പവർ വിമൻസ് സമ്മിറ്റിൽ വെച്ചായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

പ്രിയങ്ക ചോപ്ര
18-ാം വയസിൽ ‘മിസ് വേൾഡ്’ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ അഭിനയ രംഗത്തേക്ക് കടന്നു വന്നയാളാണ് പ്രിയങ്ക ചോപ്ര. 2002ൽ റിലീസായ ‘തമിഴൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ദളപതി വിജയുടെ നായികയായാണ് പ്രിയങ്കയുടെ സിനിമാ അരങ്ങേറ്റം. അടുത്ത വർഷം തന്നെ ‘ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും താരം ചുവടുവെച്ചു. തുടർന്ന് അഭിനയിച്ച ഒരുപിടി ചിത്രങ്ങളിലൂടെ തന്നെ താരം സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു.
ഇപ്പോഴിതാ സിനിമയിലെ ആദ്യകാലങ്ങളിൽ ഒരു സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക. ഫോബ്‌സ് പവർ വിമൻസ് സമ്മിറ്റിൽ വെച്ചായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. തന്റെ 19-ാം വയസിൽ ഒരു സംവിധായകനിൽ നിന്നുണ്ടായ അനുഭവമാണ് നടി തുറന്നു പറഞ്ഞത്. തീർത്തും അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു അനുഭവമായിരുന്നു അതെന്ന് നടി പറയുന്നു.
താൻ അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്റെ അടുത്തേക്ക് പോയി സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് തന്റെ സ്റ്റൈലിസ്റ്റിനോട് വിശദീകരിക്കണം എന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. കഥാപാത്രത്തിന് അനുസൃതമായ വസ്ത്രധാരണം ആയിരിക്കണം എന്ന് കരുതിയാണ് അങ്ങനെ ഒരു കാര്യം സംവിധായകനോട് അഭ്യർത്ഥിച്ചത്. എന്നാൽ, തികച്ചും അസ്വസ്ഥത ഉണ്ടാകുന്ന തരത്തിലായിരുന്നു അപ്പോൾ സംവിധയാകൻ പെരുമാറിയതെന്ന് നടി പറയുന്നു.
ആവശ്യം ഉന്നയിച്ചതിന് പിന്നാലെ സംവിധായകൻ സ്റ്റൈലിസ്റ്റുമായി ഫോണിൽ സംസാരിച്ചു. “കേൾക്കൂ.. അവളുടെ അടിവസ്ത്രം കാണിക്കുകയാണെങ്കിൽ അവളെ കാണാൻ വേണ്ടി നിരവധി പേർ സിനിമ കാണാനെത്തും. അതുകൊണ്ട് തന്നെ അടിവസ്ത്രം ചെറുതായിരിക്കണം. മുന്നിൽ ഇരിക്കുന്ന ആളുകളെ കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ. അവർക്ക് അവളുടെ അടിവസ്ത്രം കാണാം കഴിയണം” എന്നായിരുന്നു സംവിധായകൻ സ്റ്റൈലിസ്റ്റിനോട് പറഞ്ഞത്.
ഇതിന് സമാനമായ രീതിയിൽ നാല് തവണയോളം അയാൾ ഫോണിൽ സംസാരിച്ചുവെന്നും, അത് അത്രയേറെ മോശം അനുഭവം ആയിരുന്നുവെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു. ഈ സംഭവം നടന്നതിന് പിന്നാലെ വീട്ടിലെത്തി അമ്മ മധു ചോപ്രയുടെ ഇക്കാര്യം ധരിപ്പിച്ചതായും പ്രിയങ്ക പറയുന്നു. സംഭവത്തോടെ ആ സിനിമ ഉപേക്ഷിച്ചെന്നും, പിന്നീടൊരിക്കലും ആ സംവിധായകനൊപ്പം പ്രവർത്തിച്ചിട്ടില്ല എന്നും നടി വ്യക്തമാക്കി.